വാക്സിനെടുത്തില്ലെങ്കിൽ അവധിയിൽ പോകണമെന്ന് ജീവനക്കാരോട് പഞ്ചാബ് മുഖ്യമന്ത്രി
Saturday, September 11, 2021 12:40 AM IST
ചണ്ഡിഗഡ്: കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസെങ്കിലും സ്വീകരിക്കാത്തെ ജീവനക്കാർക്കു പതിനഞ്ചുമുതൽ നിർബന്ധിത അവധി നൽകുമെന്നു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ആരോഗ്യപരമായ കാരണങ്ങളുണ്ടെങ്കിൽ മാത്രമായിരിക്കും ഇളവ്. കോവിഡിൽനിന്ന് ജനങ്ങളെ സംരക്ഷിക്കാനാണ് ഇത്തരമൊരു ശക്തമായ തീരുമാനം.
പ്രതിരോധ കുത്തിവയ്പ് ഫലപ്രദമാണെന്നു ലഭ്യമായ കണക്കുകൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും ഓൺലൈനായി ചേർന്ന കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. വാക്സിൻ സ്വീകരിക്കാൻ വിമുഖത കാണിക്കുന്ന ജീവനക്കാരെ കണ്ടെത്താൻ പ്രത്യേകപരിശോധന നടത്തും.
ഉത്സവകാലം പരിഗണിച്ച് നിയന്ത്രണങ്ങൾ ഈമാസം അവസാനം വരെ തുടരും. മുന്നൂറിലധികം പേർ കൂട്ടംകൂടുന്നതിനു നിയന്ത്രണം തുടരും. മാസ്ക്, ആളകലം എന്നിവയും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തെ 57 ശതമാനം ആളുകൾ വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. 1.18 കോടി പേരാണ് ആദ്യഡോസ് സ്വീകരിച്ചത്. രണ്ടുഡോസും സ്വീകരിച്ചത് 37.81 ലക്ഷം ആളുകളും.