പെട്രോളിനും ഡീസലിനും ജിഎസ്ടി ഉടനില്ല
Saturday, September 18, 2021 1:21 AM IST
ന്യൂഡൽഹി: സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി എതിർത്തതോടെ പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ വരില്ല. ഇക്കാര്യം ചർച്ചപോലും ചെയ്യേണ്ടെന്നു കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ നിലപാട് എടുത്തതോടെ വിഷയം പിന്നീട് ചർച്ച ചെയ്യാമെന്ന ധാരണയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ അധ്യക്ഷതയിൽ ചേർന്ന 45-ാമത് ജിഎസ്ടി കൗണ്‍സിൽ യോഗം പിരിഞ്ഞു.
പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തുന്ന കാര്യം ജിഎസ്ടി കൗണ്‍സിലിൽ ചർച്ച ചെയ്യണമെന്ന് കഴിഞ്ഞ ജൂണ്‍ 21ന് കേരള ഹൈക്കോടതി നിർദേശിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ വിഷയം ഇന്നലെ ചേർന്ന യോഗത്തിൽ അവതരിപ്പിക്കുക മാത്രമാണുണ്ടായത്. പെട്രോളിയം ഉത്പന്നങ്ങളെ ജിഎസ്ടിയിൽ പെടുത്താനുള്ള നീക്കത്തെ ശക്തമായി എതിർക്കുമെന്ന് കേരള ധനമന്ത്രി കെ.എൻ. ബാലഗോപാലും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറും പറഞ്ഞു.
ജീവൻരക്ഷാ മരുന്നുകളുടെയും കാൻസർ മരുന്നുകളുടെയും വില കുറയും. സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ രോഗത്തിനുള്ള, വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന കോടിക്കണക്കിനു രൂപ വില വരുന്ന സോൾജൻസിമ, വിൽറ്റെസ്റ്റോ മരുന്നുകളെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കി. ഈ മരുന്നുകൾക്ക് 18 കോടിയോളം രൂപ വിലവരും.
വെളിച്ചെണ്ണയുടെ നികുതി കൂട്ടണമെന്ന നിർദേശവും പിന്നീടു പരിഗണിക്കാനായി മാറ്റി. ഇതിനെ കേരളം, തമിഴ്നാട്, ഗോവ എന്നീ സംസ്ഥാനങ്ങൾ എതിർത്തു. വെളിച്ചെണ്ണയുടെ നികുതി അഞ്ചിൽനിന്ന് 18% ആക്കാനായിരുന്നു നിർദേശം. ഓണ്‍ലൈൻ ഭക്ഷണവിതരണത്തിൽ ആപ്പുകളിൽനിന്ന് നികുതി ഈടാക്കാനും തീരുമാനം ആയിട്ടുണ്ട്.
കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകളുടെ ജിഎസ്ടി ഇളവ് ഈ വർഷം ഡിസംബർ 31 വരെ തുടരാനും കൂടുതൽ മരുന്നുകൾ പട്ടികയിൽ ഉൾപ്പെടുത്താനും തീരുമാനമായി. കോവിഡിനും ബ്ലാക്ക് ഫംഗസിനും ചികിത്സിക്കുന്ന 30 മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും ജിഎസ്ടിയിലാണ് നേരത്തേ ഇളവുകൾ വരുത്തിയിരുന്നത്.
ഇവയുടെ ജിഎസ്ടി നിരക്ക് 12ൽ നിന്ന് 5% ആക്കി കുറച്ചു. എന്നാൽ മെഡിക്കൽ ഉപകരണങ്ങൾക്ക് പ്രഖ്യാപിച്ച ഇളവ് ദീർഘിപ്പിച്ചിട്ടില്ല.
ഓണ്‍ലൈൻ വഴി വിതരണം ചെയ്യുന്ന ഭക്ഷണത്തിനു നികുതി നൽകാനുള്ള ചുമതല ഓണ്‍ലൈൻ കന്പനികൾക്കു നൽകും.
2022 ജനുവരി മുതൽ നികുതി ചോർച്ച തടയാനാണ് ഭക്ഷണശാലകളെ ഒഴിവാക്കി ഓണ്‍ലൈൻ ആപ്പുകളിൽനിന്നു നേരിട്ടു നികുതി ഈടാക്കുന്ന സംവിധാനം നിലവിൽ വരുന്നത്. അതിനായി ആപ്പുകളുടെ സോഫ്റ്റ് വേറുകളിൽ മാറ്റം വരുത്താം.
മറ്റു തീരുമാനങ്ങൾ
• പായ്ക്ക് ചെയ്ത പഴച്ചാറിനും കാർബണേറ്റഡ് പഴച്ചാറുകൾക്കും 28% ജിഎസ്ടിയും 12 % സെസും.
• ഇരുന്പ്, മാംഗനീസ്, കോപ്പർ, നിക്കൽ, കോബാൾട്ട്, അലുമിനിയം, ലെഡ്, സിങ്ക്, ടിൻ, ക്രോമിയം എന്നിവയുടെ ജിഎസ്ടി അഞ്ചിൽനിന്ന് 18% ആക്കും.
• കാൻസർ മരുന്നുകളുടെ ജിഎസ്ടി 12ൽനിന്ന് 5% ആക്കി കുറയ്ക്കും.
• എല്ലാത്തരം പേനകളുടെയും ജിഎസ്ടി നിരക്ക് 18% ആക്കി ഏകീകരിക്കും.
• ബയോ ഡീസലിന്റെ ജിഎസ്ടി 12ൽനിന്ന് 5% ആക്കി കുറയ്ക്കും.
• വ്യോമമാർഗം കയറ്റുമതി ചെയ്യുന്ന വസ്തുക്കൾക്കുള്ള നികുതി കുറയും
• ചരക്കുവാഹനങ്ങൾക്ക് സംസ്ഥാനങ്ങൾ ചുമത്തുന്ന നാഷണൽ പെർമിറ്റ് ഫീസിന് ജിഎസ്ടി ഇല്ല.
സെബി മാത്യു