മാരക ഡെങ്കു വൈറസെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
Sunday, September 19, 2021 11:38 PM IST
ന്യൂഡൽഹി: അപകടകരമായ സെറോ ടൈപ്പ്-2 ഡെങ്കു വൈറസ് വ്യാപനത്തെക്കുറിച്ച് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിവിധ സംസ്ഥാനങ്ങളുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ നടത്തിയ കോവിഡ് അവലോകന യോഗത്തിനിടെയാണ് മാരകമായ ഡെങ്കു വൈറസിനെക്കുറിച്ചു മുന്നറിയിപ്പു നൽകിയത്.
കേരളം, ആന്ധ്രപ്രദേശ്, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാൻ, തമിഴ്നാട്, തെലുങ്കാന എന്നീ സംസ്ഥാനങ്ങൾക്കാണ് മുന്നറിയിപ്പു നൽകിയിരിക്കുന്നത്.
സെറോ ടൈപ്പ്-2 ഡെങ്കു വൈറസുകൾ രാജ്യത്തു വർധിക്കുകയാണെന്നും ആവശ്യമായ മുൻകരുതൽ അടിയന്തരമായി സ്വീകരിക്കണമെന്നുമാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
പനി സംബന്ധിച്ചു വിവരങ്ങൾ നൽകാൻ ഹെൽപ് ഡെസ്കുകൾ തുടങ്ങണം. പരിശോധന നടത്താനുള്ള സജ്ജീകരണങ്ങൾ സംഭരിക്കണം. അവശ്യ മരുന്നുകൾ ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും അടിയന്തരമായി സജ്ജീകരിക്കണമെന്നും കേന്ദ്രം നിർദേശിച്ചു.