ഗുജറാത്തിൽ കോവിഡ് മരണം 2.81 ലക്ഷമെന്നു കോൺഗ്രസ്, ഔദ്യോഗികകണക്കിൽ 10,081 മാത്രം
Tuesday, September 21, 2021 12:46 AM IST
അഹമ്മദാബാദ്: ഗുജറാത്തിൽ കോവിഡ് ബാധിച്ച് 2.81 ലക്ഷം പേർ മരിച്ചെന്നു കോൺഗ്രസ്. എന്നാൽ, ഔദ്യോഗികകണക്കിൽ മരണം 10,081 മാത്രമാണ്. കോവിഡിൽ സർക്കാരിന്റെ കെടുകാര്യസ്ഥതയും പരാജയവുംമൂലം സംസ്ഥാനത്തെ ലക്ഷക്കണക്കിനു ജനങ്ങൾ യാതന അനുഭവിക്കുകയാണെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.
കോൺഗ്രസിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ആരംഭിച്ച ന്യായ് യാത്രയ്ക്കിടെ, കോവിഡ് ബാധിച്ച് കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട 31,850 കുടുംബങ്ങളെ നേതാക്കൾ സന്ദർശിച്ചുവെന്നു മുൻ കേന്ദ്രമന്ത്രി ഭരത് സോളങ്കി പറഞ്ഞു.
ഓഗസ്റ്റ് 16നാണ് ന്യായ് യാത്ര ആരംഭിച്ചത്. ജനരോഷം മറയ്ക്കാനാണ് ഗുജറാത്തിൽ വിജയ് രൂപാണിയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റിയതെന്ന് കോൺഗ്രസ് ആരോപിച്ചു.