വിവരാവകാശ പ്രവർത്തകൻ വാഹനാപകടത്തിൽ മരിച്ചതു കൊലപാതകമെന്നു കുടുംബം
Tuesday, September 21, 2021 2:21 AM IST
കോട്ട: രാജസ്ഥാനിൽ വിവരാവകാശ പ്രവർത്തകൻ റായ് സിംഗ് ഗുർജാർ(27) വാഹനാപകടത്തിൽ മരിച്ചതിൽ സംശയമുയർത്തി കുടുംബാംഗങ്ങൾ. റായ് സിംഗിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ റായ് സിംഗ് പുറത്തുകൊണ്ടുവന്ന അഴിമതിക്കേസുകൾക്കു പിന്നിലുള്ളവരാണു കൊല നടത്തിയതെന്നാണു കുടുംബാംഗങ്ങൾ പറയുന്നത്. കുടുംബാംഗങ്ങളുടെ പരാതിയിൽ അഞ്ചോളം പേർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
കഴിഞ്ഞയാഴ്ചയാണു റായ് സിംഗ് വാഹനാപകടത്തിൽ മരിച്ചത്. ഝലാവാർ ജില്ലയിലെ ടിതാർവാസ ഗ്രാമപഞ്ചായത്ത് ഡെപ്യൂട്ടി സർപഞ്ച് ആണ് ഇദ്ദേഹം. ശനിയാഴ്ച രാത്രി വാഹനാപകടത്തിൽ റായ് സിംഗിന്റെ തലയ്ക്കു പരിക്കേറ്റിരുന്നു.
ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കിൽ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലൊന്നും പരിക്കിന്റെ പാടുകളുണ്ടായിരുന്നില്ല. എന്നാൽ, തലയ്ക്ക് ആഴത്തിലുള്ള മുറിവുണ്ടായി. മൂർച്ചയേറിയ ആയുധംകൊണ്ടുള്ള ആക്രമണത്തിലാണ് ഈ മുറിവുണ്ടായതെന്നു റായ് സിംഗിന്റെ സഹോദരൻ സുജൻ സിംഗ് പറഞ്ഞു.