രാജ്യത്ത് എൻജിനിയറിംഗിന് പ്രിയം കുറയുന്നു
Wednesday, September 22, 2021 12:21 AM IST
ന്യൂഡൽഹി: രാജ്യത്ത് എൻജിനിയറിംഗ് സീറ്റുകളിൽ ഗണ്യമായ കുറവെന്ന് റിപ്പോർട്ട്. ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിൽ (എഐസിടിഇ) ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ എൻജിനിയറിംഗ് സീറ്റുകളിൽ ഏറ്റവുമധികം കുറവ് സംഭവിച്ചത് കഴിഞ്ഞ അധ്യയന വർഷമാണ്.
കഴിഞ്ഞ പത്തു വർഷങ്ങളിൽ രാജ്യത്ത് ഏറ്റവും കൂടുതൽ എൻജിനിയറിംഗ് സീറ്റുകൾ ലഭ്യമായിരുന്നത് 2014-15 ലായിരുന്നു. ഏകദേശം 32 ലക്ഷത്തോളം സീറ്റുകൾ ലഭ്യമായിരുന്ന ആ വർഷത്തിന് ശേഷം കഴിഞ്ഞ അധ്യയന വർഷത്തിൽ (2021-22) സീറ്റുകൾ 23.6 ലക്ഷമായി കുറഞ്ഞു.
എന്നാൽ, ഇക്കാലയളവിൽ മാനേജ്മെന്റ് വിഷയങ്ങളിലെ സീറ്റുകളിൽ വലിയ വർധനയാണുണ്ടായത്. കഴിഞ്ഞ അധ്യയന വർഷത്തിൽ മാത്രമായി നാലു ലക്ഷത്തിലധികം സീറ്റുകളുടെ വർധനവുണ്ടായി. എഐസിടിഇയുടെ 2017 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ മാനേജ്മെന്റ് വിഷയങ്ങളെ അപേക്ഷിച്ച് എൻജിനിയറിംഗ് സീറ്റുകളിൽ കുട്ടികളുടെ എണ്ണം ഗണ്യമായി കുറയുകയാണ്.
ഇക്കാലയളവിൽ മാനേജ്മെന്റ് വിഷയങ്ങളിൽ ഒഴിവു വന്ന സീറ്റുകൾ എൻജിനിയറിംഗ് സീറ്റുകളെക്കാൾ പത്തു ശതമാനം കുറവായിരുന്നു.