കർഷക സമരവേദിക്കു സമീപം യുവാവിന്റെ കൊലപാതകം; രണ്ടു പേർ അറസ്റ്റിൽ
Sunday, October 17, 2021 12:51 AM IST
ന്യൂഡൽഹി: കർഷക സമരവേദിക്കരികിൽ യുവാവിനെ കൈ കാലുകൾ ഛേദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.
നിഹാംഗ് വിഭാഗത്തിൽ പെട്ട പർമീന്ദർ സിംഗ് ആണ് ഇന്നലെ അമൃത്സറിലെ അമർകോട്ടിൽ പോലീസിനു മുന്നിൽ കീഴടങ്ങിയത്. പഞ്ചാബിലെ തൻതരൻ ജില്ലയിൽ പെട്ട ലഖ്ബീർ സിംഗിന്റെ കൊലപ്പെടുത്തിയ കേസിൽ സായുധ സിഖ് വിഭാഗമായ നിഹാംഗുകളിൽ പെട്ട സർവജീത് സിംഗ് കഴിഞ്ഞ ദിവസം ഹരിയാന പോലീസിനുമുന്നിൽ കീഴടങ്ങിയിരുന്നു. അതിനു പിന്നാലെയാണ് ഇന്നലെ ഒരാളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തിയത്.
ഹരിയാനയിലെ കോടതിയിൽ ഹാജരാക്കിയ സർവജീത് സിംഗിനെ ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
സംഭവത്തിൽ കൂടുതൽ പേർക്കു പങ്കുണ്ടെന്നും അന്വേഷണം നടന്നു വരികയാണെന്നുമാണ് പോലീസ് പറഞ്ഞത്. ചോദ്യം ചെയ്യലിനിടെ സരബ്ജീത് സിംഗ് തന്നെ മറ്റു നാലു പേരുടെ പേരുകൾ കൂടി വെളിപ്പെടുത്തി. ഇവർക്കായുള്ള അന്വേഷണം നടക്കുന്നുണ്ടെന്നു സോനിപത്ത് ഡിഎസ്പി വീരേന്ദർ സിംഗ് പറഞ്ഞു. ലഖ്ബീർ സിംഗിന്റെ കൊലപാതകത്തിൽ അഞ്ചിലേറെ പേർക്ക് പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.
അതിനിടെ, തനിക്ക് തെല്ലും കുറ്റബോധമില്ലെന്നായിരുന്നു സർവജീത് സിംഗിന്റെ പ്രതികരണം. കൊലപാതകത്തിന്റെ പൂർണ ഉത്തരവാദിത്തം തനിക്കാണെന്നു വ്യക്തമാക്കിയാണ് ഇയാൾ കീഴടങ്ങിയത്. പോലീസിന് കീഴടങ്ങുന്നതിന് മുൻപ് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴാണ് സംഭവിച്ചതിൽ തനിക്കു തെല്ലും കുറ്റബോധമില്ലെന്ന് സർവജീത് പ്രതികരിച്ചത്.
സിഖ് വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചു എന്നാരോപിച്ചാണ് നിഹാംഗുകൾ ലഖ്ബീർ സിംഗിന്റെ കൈ കാലുകൾ വെട്ടിമാറ്റി കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം മൃതദേഹം അടുത്തുള്ള പോലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കുകയും ചെയ്തു.