സംസ്ഥാന പോലീസ് മേധാവികളുമായി അമിത് ഷായുടെ യോഗം
Tuesday, October 19, 2021 1:27 AM IST
ന്യൂഡൽഹി: സംസ്ഥാന പോലീസ് മേധാവികളുമായി കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി.
കേന്ദ്ര ആഭ്യന്തരമന്ത്രിയും ഡിഐജി, ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരും കേന്ദ്ര സായുധ പോലീസ് സേനയുടെ തലവന്മാരും ഉൾപ്പെട്ട ഔദ്യോഗിക കൂടിക്കാഴ്ചയിൽ ദേശീയസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഇന്റലിജൻസ് ബ്യൂറോ മേധാവി അരവിന്ദ് കുമാർ എന്നിവരും പങ്കെടുത്തു.
തികച്ചും ഔദ്യോഗികമായ ചർച്ചയിൽ ജമ്മു കാഷ്മീരിലെ ഭീകരാക്രമണങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ പ്രശ്നങ്ങൾ ചർച്ച ചെയ്തതായി സൂചനകളുണ്ട്.
രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി നാഷണൽ സെക്യൂരിറ്റി സ്ട്രാറ്റജി കോണ്‍ഫറൻസ് എന്ന പേരിൽ നടത്തുന്ന വാർഷിക കൂടിക്കാഴ്ചയിൽ ഇത്തവണ വെർച്വലായും ഉദ്യോഗസ്ഥർ പങ്കെടുത്തു.