സാന്പത്തിക സംവരണം: എട്ടു ലക്ഷത്തിൽ ഉറച്ച് കേന്ദ്രം
Wednesday, October 27, 2021 1:57 AM IST
ന്യൂഡൽഹി: അഖിലേന്ത്യ മെഡിക്കൽ പ്രവേശനത്തിന് 10 % സാന്പത്തിക സംവരണം ലഭിക്കുന്നതിനുള്ള കുടുംബ വരുമാന പരിധി ഒബിസി വിഭാഗത്തിന്റേതിനു സമാനമായി എട്ടു ലക്ഷമായി തന്നെ കണക്കാക്കുമെന്നു വ്യക്തമാക്കി കേന്ദ്ര സാമൂഹ്യ ക്ഷേമ മന്ത്രാലയം ഇന്നലെ സുപ്രീംകോടതിയിൽ സത്യവാംഗ്മൂലം നൽകി.
സമഗ്ര പഠനത്തിന് ശേഷമാണ് മെഡിക്കൽ, ഡെന്റൽ അഖിലേന്ത്യ പ്രവേശനത്തിനുള്ള സാന്പത്തിക സംവരണത്തിന് എട്ടു ലക്ഷം വരുമാന പരിധി നിശ്ചയിച്ചത്. ഒരു പ്രത്യേക വിഭാഗമോ വ്യക്തികളോ സാന്പത്തികമായി ഉയർന്നാൽ സംവരണം ആവശ്യമില്ലെന്നാണ് സിനോ കമ്മീഷന്റെ കണ്ടെത്തൽ.
ഒബിസി ക്രീമിലെയറിന്റെ വരുമാന പരിധി സാന്പത്തിക സംവരണത്തിലും മാനദണ്ഡമാക്കിയത് അതു കൊണ്ടു തന്നെയാണെന്നും സർക്കാർ വിശദീകരിച്ചു. സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കു ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇല്ലാതാക്കാനാണ് ഇതിനെ എതിർക്കുന്ന ഹർജിക്കാരുടെ ശ്രമമെന്നും സർക്കാർ കുറ്റപ്പെടുത്തി.
അഖിലേന്ത്യാ മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിൽ (നീറ്റ്) ഇക്കൊല്ലം മുതൽ 27% ഒബിസി സംവരണവും 10% സാന്പത്തിക സംവരണവും നടപ്പാക്കാനുള്ള കേന്ദ്ര ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് മുൻ നിലപാടിൽ ഉറച്ച് കേന്ദ്രം സുപ്രീംകോടതിയിൽ സത്യവാംഗ്മൂലം നൽകിയത്. കേസ് ഇന്നു വീണ്ടും സുപ്രീംകോടതി പരിഗണിക്കും.