പഞ്ചാബി ഗായിക ഗുർമീത് ബവ അന്തരിച്ചു
Monday, November 22, 2021 1:03 AM IST
അമൃത്സർ: പ്രശസ്ത പഞ്ചാബി ഗായിക ഗുർമീത് ബാവ (77) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു ഗുർദാസ്പുർ സ്വദേശിനിയായ ഗുർമീതിന്റെ അന്ത്യം. ശനിയാഴ്ചയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പഞ്ചാബി നാടൻപാട്ടുകാരൻ കൃപാൽ ബാവയുടെ ഭാര്യയാണ് ഗുർമീത്.
നാടോടിഗാനങ്ങളുടെ തുടക്കത്തിൽ ഗുർമീത് നൽകിയിരുന്ന ഈണമാണ് ഇവരെ ഏറെ പ്രശസ്തയാക്കിയത്. തുടക്കത്തിലെ ഒറ്റശ്വാസത്തിലുള്ള ഈണം 45 സെക്കൻഡ് വരെ നീണ്ടുനിന്നു. ദൂരദർശനിൽ അവതരിപ്പിച്ച പരിപാടികൾ ഗുർമീതിന്റെ പ്രശസ്തി വർധിപ്പിച്ചു. ദേശീയ ടിവി ചാനലിൽ പരിപാടി അവതരിപ്പിച്ച ആദ്യ പഞ്ചാബി ഗായിക എന്ന നേട്ടവും ഗുർമീതിന്റെ പേരിലാണ്.