ചൈനയുടെ പേരുപറയാതെ വിമർശിച്ച് രാജ്നാഥ് സിംഗ്
Monday, November 22, 2021 1:03 AM IST
മുംബൈ: സമുദ്രനിയമങ്ങൾ കാറ്റിൽപറത്തുന്ന ചൈനയെ പേരെടുത്തു പറയാതെ വിമർശിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഉത്തരവാദിത്വമില്ലാത്ത ചില രാജ്യങ്ങൾ ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമങ്ങളെ ദുർവ്യാഖ്യാനം ചെയ്ത് ദുർബലപ്പെടുത്തുകയാണെന്ന് സിംഗ് പറഞ്ഞു.
തദ്ദേശീയമായി നിർമിച്ച ഡിസ്ട്രോയർ ക്ലാസ് യുദ്ധക്കപ്പൽ ‘ഐഎൻഎസ് വിശാഖപട്ടണം’ കമ്മീഷൻ ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. റഡാറിനെ വെട്ടിക്കാൻ ശേഷിയുള്ള(സ്റ്റെൽത്ത് സാങ്കേതികവിദ്യ) ഈ കപ്പലിൽ സൂപ്പർസോണിക് മിസൈലുകൾ, മധ്യ-ഹ്രസ്വദൂര മിസെലുകൾ, മുങ്ങിക്കപ്പൽവേധ റോക്കറ്റുകൾ, ആധുനിക ഇലക്ട്രോണിക് യുദ്ധസമാഗ്രികൾ, ആശയവിനിയമ സംവിധാനങ്ങൾ തുടങ്ങിയവ സജ്ജീകരിച്ചിട്ടുണ്ട്.
തെക്കൻ ചൈനാക്കടലിന്റെ അധികാരം സംബന്ധിച്ച് ഒട്ടനവധി രാജ്യങ്ങളുമായി ചൈന തർക്കത്തിലാണ്. ചരിത്രം ചൂണ്ടിക്കാട്ടി ചൈന ഉന്നയിച്ച അവകാശവാദങ്ങൾ 2016ൽ അന്താരാഷ്ട്ര ട്രൈബ്യൂണൽ തള്ളിയിരുന്നു. ഈ വിധി അംഗീകരിക്കില്ലെന്നാണ് ചൈന പ്രതികരിച്ചത്.