ആർഎസ്പി നേതാവ് അബനിറോയ് അന്തരിച്ചു
Friday, November 26, 2021 12:50 AM IST
ന്യൂഡൽഹി: ആർഎസ്പി കേന്ദ്ര സെക്രട്ടറിയേറ്റ് അംഗവും മുൻ രാജ്യസഭാ അംഗവുമായ അബനിറോയ് (82) അന്തരിച്ചു.
വിദ്യാർഥി സംഘനടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്ത് സജീവമായ അബനി റോയ് ആർവൈഎഫ്, യുടിയുസി പ്രവർത്തനങ്ങളിലൂടെ ആർ.എസ്പി യുടെ കേന്ദ്ര സെക്രട്ടറിയേറ്റംഗമായ നേതാവാണ്. ഏഴു വർഷമായി ഡൽഹിയിൽ എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ വസതിയിലായിരുന്നു താമസം. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഐക്യത്തിനും യുപിഎ രൂപീകരണത്തിനും നേതൃത്വം നൽകിയ നേതാവ് കൂടിയാണ് അബനി റോയ്.
1978 മുതൽ 1980 വരെ കൽക്കട്ട കോർപ്പറേഷൻ കൗണ്‍സലർ ആയിരുന്നു. 1998- 2004, 2004-2009 കാലയളവിൽ രണ്ടുതവണ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ട്രാൻസ്പോർട്ട് & ടൂറിസം പാർലമെന്ററി കമ്മിറ്റി, ലേബർ കണ്‍സൾട്ടേറ്റീവ് കമ്മിറ്റി, റയിൽവേ പാർമെന്ററി കമ്മിറ്റി, ധനകാര്യ കണ്‍സൾട്ടേറ്റീവ് കമ്മിറ്റി, ആരോഗ്യവും കുടുംബക്ഷേമവും കണ്‍സൾട്ടേറ്റീവ് കമ്മിറ്റി, കെമിക്കൽ & ഫെർട്ടിലൈസേഷൻ പാർലമെന്ററി കമ്മിറ്റി തുടങ്ങി വിവിധ കമ്മിറ്റികളിൽ അംഗമായിരുന്നു.