ഡൽഹിയിലും ഒമിക്രോണ്‍; വിദേശ യാത്രക്കാർ നിരീക്ഷണത്തിൽ
Monday, December 6, 2021 12:55 AM IST
ന്യൂഡൽഹി: ഡൽഹിയിൽ ഒമിക്രോണ്‍ വൈറസ് ബാധ സ്ഥിരീകരിച്ചയാൾക്കു നേരിയ രോഗ ലക്ഷണങ്ങളാണുള്ളത്. ഇയാൾ നിലവിൽ ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ യാത്രാ വിവരങ്ങളും സന്പർക്ക പട്ടികയും ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. ഇയാൾക്കൊപ്പം എൽഎൻജെപി ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്ന വിദേശത്തുനിന്നെത്തിയ 13 പേരുടെ സാന്പിളുകൾ ജനിതക ശ്രേണീകരണ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നിരീക്ഷണത്തിൽ കഴിയുന്നവരിൽ ആഫ്രിക്കയിൽനിന്നെത്തിയ ഒരാൾ ഒഴികെ ബാക്കിയുള്ളവർ അമേരിക്കയിൽനിന്നും യൂറോപ്പിൽ നിന്നും എത്തിയവരാണ്.
ഇവർക്കു പുറമേ വിദേശത്തുനിന്നുമെത്തി കോവിഡ് പോസിറ്റീവായ 17 പേർ നിരീക്ഷണത്തിൽ കഴിയുന്നതായും ഡൽഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിൻ അറിയിച്ചു. ഒമിക്രോണ്‍ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.
രാഹുൽ ഗോപിനാഥ്