മുംബൈ സ്ഫോടനപരന്പര: 29 വർഷത്തിനുശേഷം നാലുപേർ അറസ്റ്റിൽ
Wednesday, May 18, 2022 1:51 AM IST
അഹമ്മദാബാദ്: 1993ലെ മുംബൈ സ്ഫോടനപരന്പര കേസിൽ 29 വർഷത്തിനുശേഷം പ്രതികളായ നാലുപേർ ഇന്നലെ അറസ്റ്റിലായി. മുംബൈ സ്വദേശികളായ അബു ബക്കർ, സയ്യദ് ഖുറേഷി, മുഹമ്മദ് ഷോയിബ് ഖുറേഷി എന്ന ഷോയിബ് ബാബ, മുഹമ്മദ് യൂസഫ് ഇസ്മയിൽ എന്ന യൂസുഫ് ഭക്ത എന്നിവരാണ് അഹമ്മദാബാദിലെ സർദാർനഗറിൽനിന്നു ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പിടിയിലായത്.
സ്ഫോടനത്തിനുശേഷം 1993ൽ രാജ്യം വിട്ടുപോകാൻ വ്യാജരേഖകൾ ചമച്ച് പാസ്പോർട്ട് സംഘടിപ്പിച്ചതുൾപ്പെടെയുള്ള കേസുകളാണു നാലുപേർക്കെതിരേയുമുള്ളത്. സിബിഐയുടെ ആവശ്യപ്രകാരം ഇന്റർപോൾ നാലുപേർക്കെതിരേയും റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ചോദ്യം ചെയ്യലിനുശേഷം പ്രതികളെ സിബിഐക്കു കൈമാറുമെന്ന് ആന്റി ടെററിസ്റ്റ് സ്ക്വാഡ് അറിയിച്ചു.
അധോലാക നേതാവ് ദാവൂദ് ഇബ്രാഹിന്റെ കൂട്ടാളിയും സ്വർണക്കടത്തുകാരനുമായ മുഹമ്മദ് ദൊസയുടെ സുഹൃത്തുകളുമാണ് പിടിയിലായവർ. 1993 മാർച്ച് 12ന് മുംബൈ നഗരത്തിൽ പലയിടങ്ങളിലായി നടന്ന സ്ഫോടനപരന്പരയിൽ 257 പേർ കൊല്ലപ്പെട്ടു. എഴുനൂറോളം പേർക്കു പരിക്കേറ്റിരുന്നു.