ലഹരിക്കേസ് പ്രതിക്കൊപ്പം സിദ്ദുവിനെ പാർപ്പിച്ചില്ല: ജയിൽവകുപ്പ്
Monday, May 23, 2022 1:00 AM IST
ചണ്ഡിഗഡ്: റോഡിൽ അടിപിടിയിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ ശിക്ഷിക്കപ്പെട്ട പഞ്ചാബിലെ മുൻ കോണ്ഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിനെ ലഹരിക്കേസ് പ്രതിക്കൊപ്പം പാർപ്പിച്ചുവെന്ന ആരോപണം നിഷേധിച്ച് പഞ്ചാബ് ജയിൽവകുപ്പ് അധികൃതർ. ചട്ടങ്ങൾ കൃത്യമായി പിന്തുടർന്നാണു സിദ്ദുവിന്റെ ശിക്ഷ നടപ്പാക്കുന്നതെന്നും ഒരു തരത്തിലുള്ള വീഴ്ചയും ഇല്ലെന്നും പട്യാല ജയിൽ അധികൃതർ വിശദീകരിച്ചു.
മയക്കുമരുന്നുകേസിൽ ആരോപണവിധേയനായ പഞ്ചാബ് പോലീസ് ഇൻസ്പെക്ടർ ഇന്ദർജീത് സിംഗിനൊപ്പം സിദ്ദുവിനെ പാർപ്പിച്ചുവെന്ന് ആരോപണമുയർന്നിരുന്നു. ഇന്ദർജീത് സിംഗ് മറ്റൊരു ബാരക്കിലാണെന്നു പറഞ്ഞ ഉദ്യോഗസ്ഥർ സഹതടവുകാരുടെ ചരിത്രം പരിശോധിച്ചശേഷമാണു സിദ്ദുവിനുള്ള ബാരക് തെരഞ്ഞെടുത്തിരിക്കുന്നതെന്നും വിശദീകരിച്ചു.
1988 ൽ നടുറോഡിൽ നടന്ന സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ട കേസിൽ കഴിഞ്ഞ വ്യാഴാഴ്ചയാണു സുപ്രീംകോടതി സിദ്ദുവിന് ഒരു വർഷത്തെ കഠിനതടവു വിധിച്ചത്.