പ്രളയം: ആസാമിൽ മരണം 55 ആയി
Sunday, June 19, 2022 12:37 AM IST
ഗോഹട്ടി: ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടർന്നുള്ള പ്രളയത്തിലും മണ്ണിടിച്ചിലിലും ആസാമിൽ 55 പേർ മരിച്ചു. 28 ജില്ലകളിലായി 19 ലക്ഷത്തോളം ആളുകൾ ദുരിതാവസ്ഥയിലാണ്. ഹൊജായിയിൽ പ്രളയബാധിതമേഖലയിൽനിന്ന് ആളുകളെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റുന്നതിനിടെ ബോട്ട് മുങ്ങി മൂന്നു കുട്ടികളെ കാണാതായി. ബോട്ടിലുണ്ടായിരുന്ന 21 പേരെ രക്ഷിച്ചു. ശനിയാഴ്ച പുലർച്ചെ ഇസ്ലാംപുർ ഗ്രാമത്തിൽ നിന്ന് 24 ഗ്രാമീണരുമായി പോയ ബോട്ട് റെയ്കോട്ട് മേഖലയിലാണ് അപകടത്തിൽപ്പെട്ടത്.
സംസ്ഥാനത്തെ 373 ദുരിതാശ്വസ ക്യാന്പുകളിലായി 1.08 ലക്ഷം ആളുകളാണ് തുടരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശർമയുമായി സ്ഥിതിഗതികൾ ചർച്ചചെയ്തു. സാധ്യമായ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തിലാണു രക്ഷാപ്രവർത്തനം. ആവശ്യമായ ഘട്ടങ്ങളിൽ സഹായം എത്തിക്കാൻ കരസേനാ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.