ഗുജറാത്ത് കലാപം മോദിയെ വേട്ടയാടിയെന്ന് അമിത് ഷാ
സ്വന്തം ലേഖകൻ
Sunday, June 26, 2022 12:18 AM IST
ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിന്റെ പേരിൽ മോദിയെ 19 വർഷമായി വേട്ടയാടുകയായിരുന്നെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി നേതാവു കൂടിയായ പ്രധാനമന്ത്രിക്കെതിരേ കോടതിയിൽ കേസ് നടക്കുന്പോഴും കോണ്ഗ്രസ് നേതാക്കളുടേതുപോലെ ബിജെപി നേതാക്കൾ പ്രതിഷേധനാടകം നടത്തിയില്ലെന്നും അമിത് ഷാ പറഞ്ഞു.
സത്യത്തിന്റെ ഭാഗത്തായിരുന്നിട്ടും നിയമനടപടികൾ നേരിടുന്നതിനാൽ ആരോപണങ്ങൾക്കു മറുപടി നൽകാനാകാതെ നരേന്ദ്ര മോദി ബുദ്ധിമുട്ടുന്നത് കണ്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് മോദിയെയും ചോദ്യംചെയ്തിരുന്നു. എന്നാൽ, ഭരണഘടനാ മൂല്യങ്ങളെ മാനിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങിയില്ല. കേസിൽ താൻ ഉൾപ്പെടെ അറസ്റ്റിലായിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. ഗുജറാത്ത് കലാപത്തിൽ മോദിക്ക് ക്ലീൻ ചിറ്റ് നൽകിയ സുപ്രീംകോടതി വിധിയെത്തുടർന്നുള്ള വാർത്താ അഭിമുഖത്തിലാണ് അമിത് ഷായുടെ പ്രസ്താവന.
കലാപമുണ്ടായ സാഹചര്യത്തിൽ ഗുജറാത്ത് സർക്കാർ സൈന്യത്തെ വിന്യസിക്കുന്നതിൽ കാലതാമസം വരുത്തിയെന്നുള്ള ആരോപണങ്ങൾ അമിത് ഷാ നിരസിച്ചു. കലാപത്തിൽ കൊല്ലപ്പെട്ട കോണ്ഗ്രസ് എംപിയുടെ ഭാര്യ, പ്രത്യേക അന്വേഷണസംഘം കുറ്റവിമുക്തനാക്കിയ മോദിക്കെതിരേ നൽകിയ ഹർജി അടിസ്ഥാനരഹിതമാണ്.
മറ്റുള്ളവരുടെ നിർദേശങ്ങൾക്കനുസരിച്ച് നിയമസംവിധാനങ്ങൾ ദുരുപയോഗം ചെയ്തവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കണമെന്ന് കോടതി പറഞ്ഞതായും അമിത് ഷാ കൂട്ടിച്ചേർത്തു.