സ്വന്തക്കാർ ചതിച്ചെന്ന് മന്ത്രിസഭായോഗത്തിൽ ഉദ്ധവ്
Thursday, June 30, 2022 1:56 AM IST
മുംബൈ: അവിശ്വാസപ്രമേയത്തെ അഭിമുഖീകരിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിയമയുദ്ധം തുടരുന്നതിനിടെ മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഉദ്ധവ് താക്കറയുടെ നേതൃത്വത്തിൽ മന്ത്രിസഭായോഗം.
ഔറംഗബാദ് നഗരത്തിന്റെ പേര് സംഭാജി നഗർ എന്നാക്കി മാറ്റിയതുൾപ്പെടെ തീരുമാനങ്ങൾ എടുത്ത യോഗത്തിൽ സ്വന്തക്കാർ ചതിച്ചുവെന്ന പരിദേവനവും മുഖ്യമന്ത്രി നടത്തി. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നതായും മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞതായാണു സൂചനകൾ.
അവിശ്വാസപ്രമേയത്തിന്റെ കാര്യത്തിൽ കോടതി തീരുമാനം വരുന്നതിനു മുന്പേ ചേർന്ന യോഗത്തിൽ മന്ത്രിസഭയുടെ രാജി സംബന്ധിച്ച് മുഖ്യമന്ത്രി മൗനംപാലിക്കുകയായിരുന്നു.
മന്ത്രിസഭാംഗങ്ങളുടെ സഹകരണത്തിനു നന്ദിപറഞ്ഞ മുഖ്യമന്ത്രി അതു തുടരുമെന്നും വ്യക്തമാക്കിയെന്ന് കോൺഗ്രസ് മന്ത്രി സുനിൽ കേദാർ മാധ്യമപ്രവർത്തകരോടു പറഞ്ഞു.
മഹാരാഷ്ട്ര പാരന്പര്യത്തിന്റെ യഥാർഥ അവകാശികൾ തങ്ങളാണെന്ന് ഉറപ്പിക്കുകയാണ് ഔറംഗബാദിന്റെ പേരുമാറ്റത്തിലൂടെ ശിവസേന. അണികൾ നേരത്തേ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഛത ്രപതി ശിവജിയുടെ മകനാണ് മഹാരാഷ്ട്ര ഭരണാധികാരിയായിരുന്ന സംഭാജി.