തെരഞ്ഞെടുപ്പ് വാഗ്ദാനം: അധിക സാന്പത്തിക ബാധ്യത വിലയിരുത്തണമെന്ന് ഹർജി
Wednesday, August 10, 2022 1:13 AM IST
ന്യൂഡൽഹി: രാഷ്ട്രീയ പാർട്ടികൾ വാഗ്ദാനം ചെയ്യുന്ന സൗജന്യങ്ങൾ വിതരണം ചെയ്യും മുന്പ് അവ മൂലമുണ്ടാകുന്ന അധിക സാന്പത്തിക ബാധ്യതകൂടി വിലയിരുത്തണമെന്ന് പരാതിക്കാരൻ സുപ്രീംകോടതിയിൽ.
ഇതിനായി പ്രത്യേക വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ പാർട്ടികളുടെ യുക്തിരഹിതമായ സൗജന്യങ്ങൾക്കെതിരേ പരാതി നൽകിയ അശ്വിനി ഉപാധ്യായ ആണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
മതിയായ ബജറ്റ് വകയിരുത്തലുകളും സാന്പത്തിക ഭദ്രതയുമില്ലാത്ത സംസ്ഥാനങ്ങൾ ഇത്തരം സൗജന്യങ്ങൾ വിതരണം ചെയ്യുന്നതിനെതിരേ രാജ്യത്തെ രണ്ടു ഉന്നത സാന്പത്തിക സമിതികൾ മുന്നറിയിപ്പു നൽകിയിട്ടുണ്ടെന്നും അശ്വിനി ഉപാധ്യയുടെ അഭിഭാഷകൻ വിജയ് ഹൻസാരിക ചൂണ്ടിക്കാട്ടി.
സംസ്ഥാന സർക്കാരുകൾക്കു വായ്പ നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താൻ കർശന വ്യവസ്ഥകൾ വേണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.