ബ്ലാക് മാജിക്: മോദിക്കെതിരേ രാഹുൽ, ചിദംബരം, ജയറാം
Friday, August 12, 2022 1:08 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി മോദി തന്റെ "കറുത്ത പ്രവൃത്തികളും’ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും അവസാനിപ്പിക്കണമെന്ന് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
വിലക്കയറ്റത്തിനെതിരേ കറുത്ത വസ്ത്രം അണിഞ്ഞ് പാർലമെന്റിലും പുറത്തും കോണ്ഗ്രസ് നടത്തിയ പ്രതിഷേധ സമരത്തെ ബ്ലാക് മാജിക് എന്ന് ആക്ഷേപിച്ചതിലൂടെ പ്രധാനമന്ത്രി പദവിയുടെ അന്തസ് കളഞ്ഞുകുളിച്ചിരിക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ കേന്ദ്രസർക്കാർ പൂർണ പരാജയമാണെന്ന് സമ്മതിക്കുന്നതാണ് പ്രധാനമന്ത്രി മോദിയുടെ "ബ്ലാക് മാജിക്’ പരിഹാസമെന്ന് മുൻ കേന്ദ്രമന്ത്രി ജയ്റാം രമേശ് പറഞ്ഞു. മോദിയുടെ പ്രസ്താവനയ്ക്കെതിരേ മുൻ കേന്ദ്രമന്ത്രി പി. ചിദംബരവും രംഗത്തെത്തി.
കറുത്ത വസ്ത്രം ധരിക്കുന്നവർ ജനങ്ങളുടെ വിശ്വാസം ഒരിക്കലും നേടില്ലെന്ന് പ്രധാനമന്ത്രി പറയുന്നു. ജീവിതകാലം മുഴുവൻ കറുത്ത ഷർട്ട് ധരിച്ചിരുന്ന ഇ.വി.ആർ. പെരിയോർ തമിഴ്നാട്ടിലെ ജനങ്ങളുടെ ചിരകാല വിശ്വാസം ആർജിച്ചു. സനാതന ധർമത്തിൽ വിശ്വസിക്കാത്തവർ ഒഴിച്ച് എല്ലാവരും പെരിയോറിനെ വിശ്വസിച്ചുവെന്നും ചിദംബരം ചൂണ്ടിക്കാട്ടി.