പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഡിഎംകെ സുപ്രീംകോടതിയിൽ
Thursday, December 1, 2022 1:11 AM IST
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ പരിധിയിൽനിന്ന് ശ്രീലങ്കൻ തമിഴ് അഭയാർഥികളെ ഒഴിവാക്കിയത് കടുത്ത വിവേചനമാണെന്നു ചൂണ്ടിക്കാട്ടി ഡിഎംകെ സുപ്രീംകോടതിയിൽ.
കേന്ദ്രസർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമം മതേതരത്വത്തിന്റെ അടിസ്ഥാന ഘടനയെ നശിപ്പിക്കുന്നതാണ്.
മുസ്ലിം വിഭാഗത്തിൽനിന്നുള്ള അഭയാർഥികളെ നിയമത്തിന്റെ ആനുകൂല്യങ്ങളിൽനിന്നൊഴിവാക്കിയതിന് ഒരടിസ്ഥാനവും ഇല്ലെന്നും ഡിഎംകെ നൽകിയ ഹർജിയിൽ കുറ്റപ്പെടുത്തുന്നു. നിയമത്തിന്റെ യഥാർഥ ലക്ഷ്യം കൈവരിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
യഥാർഥത്തിൽ മതപീഡനത്തിന് ഇരയാകുന്ന അഭയാർഥികൾക്ക് നിയമത്തിന്റെ ഗുണം ലഭിക്കുന്നില്ല. പൗരത്വ ഭേദഗതി നിയമം തന്നെ തമിഴ് വംശജർക്ക് എതിരാണെന്നും ഡിഎംകെ കുറ്റപ്പെടുത്തുന്നു.