വിദേശിയായതുകൊണ്ടു സ്വാതന്ത്ര്യം നിഷേധിക്കാനാകില്ല
Tuesday, December 6, 2022 11:58 PM IST
ന്യൂഡൽഹി: വിദേശി ആയതു കൊണ്ടു മാത്രം ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കാനാകില്ലെന്ന് സുപ്രീംകോടതി. അഗസ്റ്റ വെസ്റ്റ്ലൻഡ് ഹെലികോപ്ടർ ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സുപ്രീംകോടതിയുടെ പരാമർശം.
സിബിഐ, ഇഡി അന്വേഷണങ്ങൾ നേരിടുന്ന മിഷേലിന്റെ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരേയാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിദേശി ആയതു കൊണ്ടു മാത്രം മിഷേലിന് ജാമ്യം നിഷേധിക്കാനാകുമോ എന്നായിരുന്നു ചീഫ് ജസ്റ്റീസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ആരാഞ്ഞത്. വിഷയത്തിൽ കോടതിയെ സഹായിക്കുന്നതിനായി ഒരു കുറിപ്പ് തയാറാക്കി നൽകാനും അഭിഭാഷകരോട് നിർദേശിച്ചു. ഹർജി വീണ്ടും ജനുവരി രണ്ടാംവാരം പരിഗണിക്കും.
കേസിൽ പരമാവധി ശിക്ഷാ കാലാവധി അഞ്ചു വർഷം ആയിരിക്കേ ക്രിസ്റ്റ്യൻ മിഷേൽ ഇതിനോടകം നാലുവർഷത്തെ ജയിൽവാസം പൂർത്തിയാക്കിയെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കേസിൽ അന്വേഷണം തുടങ്ങിയിട്ടു തന്നെ ഒൻപതു വർഷം പിന്നിട്ടു. സമാനമായ കേസുകളിൽ ഉൾപ്പെട്ടവർക്ക് നേരത്തെ ജാമ്യം ലഭിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.