മോർബി ദുരന്തം: കുറ്റപത്രം സമർപ്പിച്ചു; ഒറേവ എംഡി പത്താംപ്രതി
Saturday, January 28, 2023 2:00 AM IST
മോർബി: ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് 135 പേർ മരിച്ചതുമായി ബന്ധപ്പെട്ട കേസിൽ പാലത്തിന്റെ അറ്റകുറ്റപ്പണിയുടെ ചുമതലയുണ്ടായിരുന്ന സ്വകാര്യകന്പനിയുടെ എംഡിയെ പത്താംപ്രതിയാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചു. അറസ്റ്റിലായ ഒന്പതു ജീവനക്കാർക്കു പിന്നാലെയാണ് പത്താംപ്രതിയായി ഒറേവ ഗ്രൂപ്പിന്റെ എംഡി ജയ്സുഖ് പട്ടേലിനെ ഉൾപ്പെടുത്തിയത്.
പട്ടേലിനെതിരേ മോർബി മജിസ്ട്രേറ്റ് കോടതി കഴിഞ്ഞദിവസം അറസ്റ്റ്വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഒറേവ ഗ്രൂപ്പിന്റെ കീഴിലുള്ള അജന്ത മാനുഫാക്ചറിംഗിനാണു പാലത്തിന്റെ അറ്റകുറ്റപ്പണിയുടെയും ദൈനംദിനനടത്തിപ്പിന്റെയും ചുമതല.