ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പ് : ഇടതു-കോൺഗ്രസ് സഖ്യം ചൂടേറിയ പ്രചാരണത്തിലേക്ക്
Monday, February 6, 2023 12:21 AM IST
അഗർത്തല: രാഷ്ട്രീയമായി ഇരുചേരികളിൽനിന്ന് ദീർഘകാലം പോരടിച്ച ഇടതുപക്ഷവും കോൺഗ്രസും ഒന്നിച്ച് ത്രിപുരയിൽ വോട്ടർമാരെ സമീപിക്കുന്നു. ബിജെപി ഭരണത്തിലെ രാഷ്ട്രീയ അക്രമങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാട്ടി വീടുകൾ കയറിയുള്ള പ്രചാരണത്തിനാണ് പുതിയ സഖ്യം പരിഗണന നൽകുന്നത്. ഒട്ടേറെ വെല്ലുവിളികൾ തരണം ചെയ്ത് കഴിഞ്ഞദിവസമാണ് ഇരുഭാഗവും സീറ്റ് വിഭജനം സംബന്ധിച്ച ധാരണയിലെത്തിയത്.
60 അംഗ സഭയിൽ ഇടതുമുന്നണി 46 സീറ്റുകളിലും കോൺഗ്രസ് 13 സീറ്റുകളിലും മത്സരിക്കും. രാംനഗറിൽ ഇടതുപിന്തുണയുള്ള സ്വതന്ത്രസ്ഥാനാർഥിയെ കോൺഗ്രസ് പിന്തുണയ്ക്കുകയും ചെയ്യും. ഭരണകക്ഷിയായ ബിജെപിയുടെ പ്രചാരണം ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞു.
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ തുടങ്ങിയവർ കഴിഞ്ഞദിവസം പൊതുയോഗങ്ങളിൽ സംസാരിച്ചു. മോദി ഭരണത്തിന്റെ നേട്ടങ്ങളിൽ ഊന്നിയാണ് പ്രചാരണം.