ഐശ്വര്യ രജനീകാന്തിന്റെ വസതിയിലെ ഒരുകോടിയുടെ മോഷണം:വേലക്കാരിയും ഡ്രൈവറും പിടിയിൽ
Thursday, March 23, 2023 2:17 AM IST
ചെന്നൈ: സൂപ്പർതാരം രജനീകാന്തിന്റെ മകൾ ഐശ്വര്യയുടെ ചെന്നൈ പോയസ് ഗാർഡിനിലെ വസതിയിൽനിന്ന് ഒരുകോടി രൂപയിലേറെ വിലവരുന്ന സ്വർണം, ഡയമണ്ട്, വെള്ളി ആഭരണങ്ങൾ മോഷണംപോയ സംഭവത്തിൽ വേലക്കാരിയെയും ഡ്രൈവറെയും പോലീസ് പിടികൂടി. 18 വർഷമായി ഐശ്വര്യയുടെ വസതിയിൽ ജോലി ചെയ്തുവന്ന ഈശ്വരി(46), ഡ്രൈവർ കെ. വെങ്കടേശൻ(44) എന്നിവരാണു പിടിയിലായത്.
ഇരുവരും ചേർന്ന് ആഭരണങ്ങൾ വിറ്റശേഷം സിറ്റിയിൽ ഒരു കോടി രൂപയുടെ വീട് വാങ്ങിയിരുന്നു. ഇടയ്ക്കുമാത്രം വീട്ടിലെത്തുന്ന ഐശ്വര്യ വീടിന്റെ സുരക്ഷ ഈശ്വരിയെയാണ് ഏൽപ്പിച്ചിരുന്നത്. സേഫ് ലോക്കറിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. 2019ൽ സഹോദരി സൗന്ദര്യയുടെ വിവാഹവേളയിൽ അണിഞ്ഞിരുന്ന ആഭരണങ്ങളാണിതെന്നും ലോക്കറിന്റെ താക്കോൽ തന്റെ കൈവശം ഉണ്ടെന്നും ഐശ്വര്യ പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ജുഡീഷൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.