ഗാന്ധിസൂക്തവുമായി രാഹുൽ
Friday, March 24, 2023 2:04 AM IST
ന്യൂഡൽഹി: “അഹിംസയും സത്യവുമാണ് എന്റെ മതത്തിന്റെ അടിസ്ഥാനം. സത്യമാണ് ദൈവം, അഹിംസ സത്യത്തിലേക്കുള്ള മാർഗവു’’മെന്ന മഹാത്മാഗാന്ധിയുടെ വാചകമാണ് അപകീർത്തിക്കേസിൽ ഗുജറാത്തിലെ സൂറത്ത് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി രണ്ടു വർഷം തടവുശിക്ഷ വിധിച്ചതിനുശേഷം കോണ്ഗ്രസ് നേതാവ് രാഹുൽഗാന്ധി ട്വീറ്റ് ചെയ്തത്.
കൂടാതെ വിവാദപ്രസംഗം പങ്കുവച്ചുകൊണ്ട് “പ്രധാനമന്ത്രിയല്ല ഇന്ത്യ. പ്രധാനമന്ത്രിയെയോ സർക്കാരിനെയോ വിമർശിക്കുന്നത് ഇന്ത്യയ്ക്കെതിരായ ആക്രമണമല്ല. എന്തുവന്നാലും ഞാൻ സത്യത്തിനായി സംസാരിക്കുകയും പോരാടുകയും ചെയ്യു’’മെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. “തന്റെ സഹോദരൻ ഒരിക്കലും ഭയക്കില്ലെന്നും വിളറിപിടിച്ച ഭരണാധികാരികൾ രാഹുലിന്റെ ശബ്ദത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും’’ സഹോദരി പ്രിയങ്കയും ട്വിറ്ററിൽ പ്രതികരിച്ചു.
കോടതിവിധിയിൽ രാഹുലിനെ പിന്തുണച്ച് ആം ആദ്മി പാർട്ടിയും രംഗത്തെത്തി. “കോടതിയെ ബഹുമാനിക്കുന്നു, പക്ഷേ, ഈ വിധിയോട് യോജിക്കുന്നില്ലെ’’ന്നാണ് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ട്വിറ്ററിൽ കുറിച്ചത്. ബിജെപി ഇതര നേതാക്കൾക്കെതിരേ ഗൂഡാലോചന നടത്തി കേസുകളിൽ കുടുക്കുകയാണെന്നും കേജരിവാൾ പറഞ്ഞു.