രാഹുലിനെതിരായ നടപടി പ്രതിഷേധം രൂക്ഷം
Saturday, March 25, 2023 1:04 AM IST
ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാക്കൾ. രാഹുലിനെ അയോഗ്യനാക്കാനുള്ള എല്ലാ വഴികളും ബിജെപി നോക്കിയിരിക്കുകയായിരുന്നുവെന്നും സത്യം വിളിച്ചുപറയുന്നവരെ നിലനിൽക്കാൻ ബിജെപി അനുവദിക്കില്ലെന്നും എന്നാൽ സത്യം തുടർന്നും പറയുകതന്നെ ചെയ്യുമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ജെപിസി അന്വേഷണത്തിനായുള്ള ആവശ്യം ഉന്നയിക്കുന്നത് തുടരും. ജനാധിപത്യത്തെ സംരക്ഷിക്കാൻ ജയിലിൽ പോകാനും തയാറാണ്. രാഹുലിനെ അയോഗ്യനാക്കിയതിനെതിരേ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ ജനാധിപത്യത്തിന്റെ പുതിയൊരു തകർച്ചയ്ക്കാണു സാക്ഷ്യം വഹിച്ചിരിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി പ്രതികരിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ള ബിജെപി നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്പോൾ പ്രതിപക്ഷ നേതാക്കൾ പ്രസംഗങ്ങളുടെ പേരിൽ അയോഗ്യരാക്കപ്പെടുകയാണ്. നരേന്ദ്ര മോദിയുടെ പുതിയ ഇന്ത്യയിൽ ബിജെപിയുടെ പ്രധാന ലക്ഷ്യം പ്രതിപക്ഷ നേതാക്കളാണ്. ഇന്ത്യ ജനാധിപത്യത്തിന്റെ പുതിയൊരു തകർച്ചയ്ക്കാണ് സാക്ഷ്യം വഹിച്ചിരിക്കുന്നതെന്നും മമത പ്രതികരിച്ചു.
പ്രതിപക്ഷനേതാക്കളെ ലക്ഷ്യമിട്ട് അവരെ അയോഗ്യരാക്കുന്നതിന് രാഹുൽ ഗാന്ധിയോടു ചെയ്തതുപോലെ മാനനഷ്ടക്കേസ് ഒരു മാർഗമായി ഉപയോഗിക്കുകയാണു ബിജെപിയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പ്രതിപക്ഷനേതാക്കൾക്കെതിരേ ഇഡിയെയും സിബിഐയെയും ഉപയോഗിക്കുന്നതിനും മുകളിലാണിത്. ഇത്തരം സ്വേച്ഛാധിപത്യ ആക്രമണങ്ങളെ ചെറുത്തുതോൽപ്പിക്കണമെന്നും യെച്ചൂരി ട്വിറ്ററിൽ കുറിച്ചു.
നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അയോഗ്യരാക്കിയതുകൊണ്ട് ഭയപ്പെടുത്താനോ നിശബ്ദരാക്കാനോ കഴിയില്ലെന്നും ജയ്റാം രമേഷ് ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ ജനാധിപത്യത്തിന് ശാന്തി നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്കും ഈ രാജ്യത്തിനുംവേണ്ടിയാണ് റോഡുകളിലും പാർലമെന്റിലും രാഹുൽഗാന്ധി തുടർച്ചയായി പോരാടിയതെന്ന് കോണ്ഗ്രസ് ട്വീറ്റ് ചെയ്തു. ജനാധിപത്യത്തെ സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്തു. എന്തൊക്കെ ഗൂഢാലോചനകൾ ഉണ്ടെങ്കിലും എന്തു വിലകൊടുത്തും ഈ പോരാട്ടം തുടരുകതന്നെ ചെയ്യുമെന്നും കോൺഗ്രസ് വ്യക്തമാക്കി. "ഭയം വേണ്ട 'എന്നെഴുതിയ രാഹുലിന്റെ ചിത്രവും കോണ്ഗ്രസ് പങ്കുവച്ചു.
ഒരു കള്ളനെ കള്ളനെന്നു വിളിക്കുന്നത് രാജ്യത്തിപ്പോൾ കുറ്റകൃത്യമായി മാറിയിരിക്കുന്നുവെന്ന് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. കള്ളന്മാരും കൊള്ളക്കാരും സ്വതന്ത്രരായി നടക്കുന്പോഴാണ് രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെടുന്നത്. ജനാധിപത്യത്തെ നേരിട്ടു വകവരുത്തിയിരിക്കുകയാണ്. ഇത് ഏകാധിപത്യത്തിന്റെ തുടക്കമാണെന്നും ഉദ്ധവ് പറഞ്ഞു.
പ്രധാനമന്ത്രിക്കും അദാനിക്കുമെതിരേ രംഗത്തുവന്ന ദിവസം മുതൽ രാഹുൽ ഗാന്ധിയെ നിശബ്ദനാക്കാനുള്ള ഗൂഢാലോചനകൾ ആരംഭിച്ചിരുന്നുവെന്നും ബിജെപിയുടെ ജനാധിപത്യവിരുദ്ധതയുടെയും ഏകാധിപത്യ മനോഭാവത്തിന്റെയും വ്യക്തമായ ഉദാഹരണമാണിതെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു.