മടങ്ങിയെത്തിയ മെഡി. വിദ്യാർഥികൾക്കു രണ്ടുവർഷ ഇന്റേൺഷിപ്പ് നിർബന്ധം
Wednesday, March 29, 2023 12:42 AM IST
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയും റഷ്യ-യുക്രെയ്ൻ യുദ്ധവും കാരണം ഇന്ത്യയിലേക്കു മടങ്ങിയ അവസാന മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യൻ മെഡിക്കൽ കോളജുകളിലുള്ള മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിൽ തന്നെയായിരിക്കും പരീക്ഷ.
തിയറി പരീക്ഷ പാസായി ഒരു വർഷത്തിനുശേഷമായിരിക്കും പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക. ഇന്ത്യയിലെ എംബിബിഎസ് പരീക്ഷയുടെ അതേ മാതൃകയിലായിരിക്കും തിയറി പരീക്ഷ നടത്തുക. തെരഞ്ഞെടുത്ത മെഡിക്കൽ കോളജുകളിൽ വച്ചായിരിക്കും പ്രാക്ടിക്കൽ പരീക്ഷ രണ്ടു പരീക്ഷകളും പാസായാൽ രണ്ടു വർഷത്തെ ഇന്റേണ്‍ഷിപ്പ് നിർബന്ധമാണ്.
ആദ്യ വർഷം ഇന്റേണ്‍ഷിപ്പ് സൗജന്യമായും രണ്ടാം വർഷം പണം ഈടാക്കിയും ആയിരിക്കണമെന്നുമാണ് വിദഗ്ധസമിതി നിർദേശിച്ചത്. അടിയന്തര സാഹചര്യം പരിഗണിച്ച് ഒറ്റത്തവണത്തേക്കു മാത്രമാണ് ഈ ആനുകൂല്യങ്ങളെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഇന്നലെ ജസ്റ്റീസുമാരായ വിക്രം നാഥ്, ബി.ആർ. ഗവായ് എന്നിവരുൾപ്പെട്ട ബെഞ്ച് ഹർജി പരിഗണനയ്ക്കെടുത്തപ്പോൾ ഈ വിഷയം പഠിക്കുന്നതിനായി നിയോഗിച്ച വിദഗ്ധസമിതിയുടെ നിർദേശങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചു എന്നാണ് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി അറിയിച്ചത്.
എംബിബിഎസ് അവസാനവർഷ പരീക്ഷ ഒറ്റത്തവണയായി എഴുതാമെന്നായിരുന്നു സമിതിയുടെ നിർദേശം. ഇതാണു സർക്കാരും അംഗീകരിച്ചത്. എന്നാൽ, ഒരു തവണ പരാജയപ്പെട്ടാൽ ഒരു തവണകൂടി അവസരം നൽകണമെന്ന രീതിയിൽ സുപ്രീംകോടതി മാറ്റം വരുത്തുകയായിരുന്നു.