മോദിയുടെ ബിരുദം തേടി വീണ്ടും കേജരിവാൾ
Sunday, April 2, 2023 1:26 AM IST
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് വീണ്ടും ചോദിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. മോദിയുടെ ബിരുദവിവരങ്ങൾ ചോദിച്ചതിനു ഗുജറാത്ത് ഹൈക്കോടതി പിഴ ചുമത്തിയതിനു പിന്നാലെയാണ് വീണ്ടും കേജരിവാൾ ഇക്കാര്യംതന്നെ ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ ബിരുദവിവരങ്ങൾ കൈമാറേണ്ടെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ വിധി ജനങ്ങളിൽ വീണ്ടും സംശയം ജനിപ്പിക്കുന്നുവെന്ന് കേജരിവാൾ വിമർശിച്ചു. നിരവധി കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട ആളായതിനാൽ പ്രധാനമന്ത്രിക്കു വിദ്യാഭ്യാസം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ അക്കാദമിക് യോഗ്യത സംബന്ധിച്ച വിവരങ്ങൾ നൽകാൻ ഗുജറാത്ത് സർവകലാശാല തയാറാകാത്തതിന് രണ്ടു കാരണങ്ങളേ ഉണ്ടാകൂ. ഒന്ന് ആരെയും കാണിക്കേണ്ടതില്ലെന്ന അദ്ദേഹത്തിന്റെ ഈഗോയാകാം. അതു ജനാധിപത്യത്തിന് ചേർന്നതല്ല. മറ്റൊന്ന് ബിരുദം വ്യാജമാകാമെന്നുമാണ് കേജരിവാളിന്റെ ആരോപണം. വിദ്യാഭ്യാസമില്ലാത്തതോ വിദ്യാഭ്യാസം കുറഞ്ഞതോ ആയ പ്രധാനമന്ത്രി ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപകടകരമാണെന്നും പ്രധാനമന്ത്രിയുടെ ശാസ്ത്ര പിന്തുണയില്ലാത്ത പ്രസ്താവനകൾ അതിന് ഉദാഹരണമാണെന്നും കേജരിവാൾ പറഞ്ഞു.
കഴിഞ്ഞ ദിവസമാണു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ കേജരിവാളിന് കൈമാറേണ്ടതില്ലെന്നു ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടത്. വിവരങ്ങൾ കൈമാറണമെന്നു ഗുജറാത്ത് സർവകലാശാലയോടു നിർദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് കോടതി റദ്ദാക്കി.
പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടതിനു കോടതി 25,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. 1978ൽ ഗുജറാത്ത് സർവകലാശാലയിൽനിന്നു ബിരുദവും 1983ൽ ഡൽഹി സർവകലാശാലയിൽനിന്നു ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയെന്നാണു തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മോദിയുടെ അവകാശവാദം.