ചൂടേറുമെന്ന് മുന്നറിയിപ്പ്
Sunday, April 2, 2023 1:26 AM IST
ന്യൂഡൽഹി: ഏപ്രിൽ-ജൂണ്‍ മാസങ്ങളിൽ രാജ്യത്തിന്റെ മിക്ക ഭാഗത്തും പതിവിലും കൂടുതൽ ചൂട് കൂടുമെന്നു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറൻ മേഖലയിലും കിഴക്കൻ മേഖലയിലും സാധാരണയിലും കവിഞ്ഞ ചൂട് അനുഭവപ്പെടും.
ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ഒഡീഷ, പശ്ചിമബംഗാൾ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത്തവണ ഉഷ്ണതരംഗം കടുക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ടർ മൃത്യുഞ്ജയ് മഹാപാത്ര അറിയിച്ചു.
മാർച്ച് മുതൽ കേരളത്തിൽ പകൽച്ചൂട് കുതിക്കുകയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ നിന്നുള്ള കണക്കുകൾ പ്രകാരം മിക്ക ജില്ലകളിലും പകൽ താപനില 35 ഡിഗ്രി സെൽഷ്യസിനും മുകളിലാണ്.