ബിജെപി ഇതര മുഖ്യമന്ത്രിമാർ നീതി ആയോഗ് യോഗത്തിൽനിന്നു വിട്ടുനിന്നത് കേന്ദ്രസർക്കാർ ആ സംസ്ഥാനങ്ങളെ കാര്യമായി പരിഗണിക്കാത്തതുകൊണ്ടാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. കേന്ദ്രസർക്കാരിനോട് വിധേയത്വം പുലർത്താത്തവരെ അവഗണിക്കുന്ന സമീപനമാണ് നീതി ആയോഗിനുള്ളതെന്നും റാവത്ത് കുറ്റപ്പെടുത്തി.
എന്നാൽ, നീതി ആയോഗ് യോഗം ബഹിഷ്കരിക്കുകയെന്നാൽ സംസ്ഥാനത്തിന്റെ വികസനം തന്നെ ബഹിഷ്കരിക്കുന്നതിനു തുല്യമാണെന്നാണ് മുഖ്യമന്ത്രിമാർ വിട്ടുനിന്നതിനോടുള്ള കേന്ദ്രസർക്കാരിന്റെ പ്രതികരണം.
സുപ്രധാനമായ പല കാര്യങ്ങളും ചർച്ചചെയ്ത നീതി ആയോഗ് ഗവേണിംഗ് കൗണ്‍സിൽ യോഗത്തിൽനിന്നു വിട്ടുനിൽക്കുന്നത് സംസ്ഥാനങ്ങൾക്ക് വലിയ നഷ്ടമുണ്ടാക്കുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ശബ്ദമായി മാറാൻ താത്പര്യമില്ലാത്ത മുഖ്യമന്ത്രിമാരാണ് യോഗത്തിൽനിന്നു വിട്ടുനിന്നതെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി.
വികസിത് ഭാരത് 2047 എന്ന വിഷയത്തിൽ ഊന്നിയായിരുന്നു നീതി ആയോഗ് ഗവേണിംഗ് കൗണ്‍സിൽ യോഗം. 2047ലേക്ക് ഇന്ത്യയുടെ വികസനക്കുതിപ്പ് ലക്ഷ്യം വച്ച് ആരോഗ്യം, നൈപുണ്യ വികസനം, വനിതാ ശക്തീകരണം, പരാതികൾ കുറയ്ക്കൽ, പോഷകാഹാരം, അടിസ്ഥാന സൗകര്യ വികസനം എന്നീ വിഷയങ്ങളാണു യോഗത്തിൽ ചർച്ച ചെയ്തത്.