അഭിലാഷങ്ങളുടെ പ്രതീകം: പ്രധാനമന്ത്രി ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തെ 140 കോടി ജനങ്ങളുടെ അഭിലാഷങ്ങളുടെ പ്രതീകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാശ്രയ ഇന്ത്യയുടെ ഉദയത്തിന് പുതിയ പാർലമെന്റ് സാക്ഷ്യം വഹിക്കുമെന്നും രാജ്യത്തിന്റെ ചരിത്രത്തിലെ അനശ്വര ദിവസമാണ് ഇന്നലെ പിന്നിട്ടതെന്നും ഉദ്ഘാടനപ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യ മുന്നോട്ടു നീങ്ങുന്പോൾ ലോകവും മുന്നോട്ടു നീങ്ങുന്നു. പുതിയ പാർലമെന്റ് ഇന്ത്യയുടെ വികസനവും ലോകത്തിനു നേട്ടവുമാകും. പുതിയ പാർലമെന്റിൽനിന്നു കൈക്കൊള്ളുന്ന തീരുമാനങ്ങൾ രാജ്യത്തെ ജനങ്ങളുടെ ദാരിദ്ര്യം തുടച്ചെറിയും. ചോള രാജവംശത്തിന്റെ നീതിയുടെയും സദ്ഭരണത്തിന്റെയും പ്രതീകമായിരുന്ന ചെങ്കോൽ രാജ്യത്തിനു മാർഗദർശിയാകുമെന്നും സഭാ സമ്മേളനങ്ങൾക്ക് പ്രചോദനമാകുമെന്നും മോദി പറഞ്ഞു. ബ്രിട്ടീഷുകാരിൽനിന്നുള്ള അധികാര കൈമാറ്റത്തിന്റെ പ്രതീകമായ ചെങ്കോലിന് എൻഡിഎ സർക്കാർ അർഹിക്കുന്ന ബഹുമാനം നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു.