സിദ്ധരാമയ്യയ്ക്ക് ധന വകുപ്പ്, ശിവകുമാറിന് ജലസേചനവും ബംഗളൂരു നഗര വികസനവും
Tuesday, May 30, 2023 1:43 AM IST
ബംഗളൂരു: കർണാടകയിൽ വകുപ്പുവിഭജനം പൂർത്തിയായി. ധനവകുപ്പ് മുഖ്യമന്ത്രി സിദ്ധരാമയ്യ കൈകാര്യം ചെയ്യും. ജലസേചനം, ബംഗളൂരു നഗര വികസനം എന്നീ വകുപ്പുകളാണ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനു ലഭിച്ചത്. ആഭ്യന്തരം ജി. പരമേശ്വരയ്ക്കാണ്. മുന്പും ഇദ്ദേഹം ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തിട്ടുണ്ട്.
മലയാളിയായ കെ.ജെ. ജോർജിന് ഊർജം ലഭിച്ചു. പൊതുമരാമത്ത് സതീഷ് ജാർക്കിഹോളിക്കും റവന്യു കൃഷ്ണ ബൈരഗൗഡയ്ക്കും കിട്ടി. ചേലുവരായസ്വാമിയാണു കൃഷിമന്ത്രി.
ധനം കൂടാതെ, കാബിനറ്റ് കാര്യം, പഴ്സണേൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ്, ഇന്റലിജൻസ്, ഇൻഫർമേഷൻ, ഐടി, ബിടി, അടിസ്ഥാനസൗകര്യം വികസനം തുടങ്ങിയ വകുപ്പുകളും സിദ്ധരാമയ്യയ്ക്കാണ്.
ബംഗളൂരു നഗര വികസന വകുപ്പ് ലഭിച്ച ശിവകുമാറിന് കീഴിലാണ് ബൃഹത് ബംഗളൂരു മഹാനഗര പാലികെ(ബിബിഎംപി), ബാംഗളൂർ ഡെവലപ്മെന്റ് അഥോറിറ്റി, ബാംഗളൂർ വാട്ടർ സപ്ലൈ ആൻഡ് സ്വീവേജ് ബോർഡ്, ബാംഗളൂർ മെട്രോപ്പോളിറ്റൻ റീജൺ ഡെവലപ്മെന്റ് അഥോറിറ്റി, ബാംഗളൂർ മെട്രോ റെയിൽ കോർപറേഷൻ എന്നിവ.
എം.ബി. പാട്ടീൽ ആണു വ്യവസായ മന്ത്രി. എച്ച്.കെ. പാട്ടീലിനു നിയമവും പാർലമെന്ററികാര്യവും കെ.എച്ച്. മുനിയപ്പയ്ക്ക് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പും ലഭിച്ചു. മന്ത്രിസഭയിലെ ഏക വനിതയായ ലക്ഷ്മി ആർ. ഹെബ്ബാൽക്കറിന് വനിതാ-ശിശുക്ഷേമ വികസന വകുപ്പാണു കിട്ടിയത്. രാമലിംഗ റെഡ്ഢിയാണു ഗതാഗത മന്ത്രി. ഈ വകുപ്പ് വേണ്ടെന്നു നിലപാടെടുത്ത റെഡ്ഢിയെ ഞായറാഴ്ച വൈകുന്നേരം ഡി.കെ. ശിവകുമാർ അനുനയിപ്പിക്കുകയായിരുന്നു.