ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ചു
Friday, June 2, 2023 1:07 AM IST
ന്യൂഡൽഹി: ജലന്ധർ രൂപതയുടെ ചുമതലയിൽനിന്നു രാജിവച്ചുകൊണ്ടുള്ള ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിന്റെ കത്ത് ഫ്രാൻസിസ് മാർപാപ്പ സ്വീകരിച്ചു. ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ഇനി ജലന്ധർ രൂപതയുടെ ബിഷപ് എമരിറ്റസ് എന്നറിയപ്പെടുമെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതിയുടെ പ്രസ്താവനയിൽ വ്യക്തമാക്കി. ബിഷപ്പിന്റെ രാജി അച്ചടക്ക നടപടിയല്ലെന്ന് അപ്പസ്തോലിക് നൂണ്ഷിയേച്ചറിന്റെ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സഭയുടെ നന്മയെ കരുതിയും ജലന്ധർ രൂപതയ്ക്ക് ഒരു പുതിയ ബിഷപ്പിനെ കണ്ടെത്തുന്നതിനുമാണ് ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ചതെന്നാണ് പ്രസ്താവനയിൽ പറയുന്നത്.
ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണങ്ങളിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ കോട്ടയം അഡീഷണൽ ജില്ലാ കോടതിയുടെയും അപ്പീൽ നിലനിൽക്കുന്ന കേരള ഹൈക്കോടതിയുടെയും നടപടികളെ ബഹുമാനിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.
ജലന്ധർ രൂപതയുടെ ചുമതലയിൽ നിന്നൊഴിവാക്കണം എന്നാവശ്യപ്പെട്ടു നൽകിയ രാജിക്കത്ത് മാർപാപ്പ സ്വീകരിച്ചതായി വ്യക്തമാക്കി ബിഷപ് ഫ്രാങ്ക് മുളയ്ക്കൽത്തന്നെ ഒരു വീഡിയ സന്ദേശം പുറത്തു വിട്ടിരുന്നു. സ്നേഹിച്ചവരോടും പ്രാർഥിച്ചവരോടും വേദനകളിൽ പങ്കുചേർന്നവരോടും ബിഷപ് ഡോ. ഫ്രാങ്കോ നന്ദി പറഞ്ഞു.