അരിഹയെ തിരിച്ചുകിട്ടാനുള്ള ശ്രമങ്ങൾ ശക്തമാക്കി ഇന്ത്യ
Sunday, June 4, 2023 12:17 AM IST
ന്യൂഡൽഹി: ജർമനിയിൽ ശിശുസംരക്ഷണ വകുപ്പ് കസ്റ്റഡിയിൽ വച്ചിരിക്കുന്ന ഇന്ത്യൻ വംശജയായ കുഞ്ഞ് അരിഹയെ തിരിച്ചുകിട്ടാനുള്ള ശ്രമങ്ങൾ ശക്തമാക്കി ഇന്ത്യ. അരിഹയെ എത്രയും വേഗം ഇന്ത്യയിലേക്ക് അയയ്ക്കാൻ ആവശ്യമായതെല്ലാം ചെയ്യാൻ ജർമൻ അധികാരികളോട് അഭ്യർഥിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കുഞ്ഞിന്റെ വളർച്ചാ കാലഘട്ടത്തിൽ ഭാഷയും സംസ്കാരവും സാമൂഹികാന്തരീക്ഷവുമെല്ലാം പ്രധാനപ്പെട്ടതാണെന്നും അതുകൊണ്ടുതന്നെ കുഞ്ഞിനെ എത്രയും പെട്ടെന്ന് കൈമാറണമെന്നുമാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്ത്യൻ പൗരയായി വളരുക എന്നത് കുഞ്ഞിന്റെ അവകാശമാണെന്നതടക്കമുള്ള വിവരങ്ങൾ ജർമനിയെ അറിയിച്ചതായും വിദേശകാര്യ വകുപ്പ് വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. വിദേശകാര്യ മന്ത്രാലയവും ബെർലിനിലെ ഇന്ത്യൻ എംബസിയും അരിഹയെ ഇന്ത്യയിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കി. ഗുജറാത്ത് സ്വദേശികളാണ് അരിഹയുടെ മാതാപിതാക്കളായ ഭാവേഷ് ഷായും ഭാര്യ ധാരാ ഷായും.
കുഞ്ഞിനെ തിരിച്ചയയ്ക്കുന്നതുമായി ബന്ധപ്പെട്ട് ജർമൻ അംബാസഡർ ഫിലിപ്പ് അക്കർമാന് 59 ഇന്ത്യൻ എംപിമാർ കത്തയച്ചിരുന്നു. ഈ വിഷയത്തിൽ ഇന്ത്യക്കുള്ള ആശങ്ക ജർമൻ സർക്കാരിനെ അറിയിക്കാനും അവർ നിർദേശിച്ചിരുന്നു. എന്നാൽ കുഞ്ഞിന് മാതാപിതാക്കളുടെ കൂടെ നിൽക്കുന്നതിനേക്കാൾ നല്ലത് ജർമൻ ഫോസ്റ്റർ കെയറിൽ നിർത്തുന്നതായിരിക്കുമെന്നും അവിടെ കുഞ്ഞ് സുരക്ഷിതയായിരിക്കും എന്നുമാണ് ജർമൻ അധികൃതർ വാദിച്ചത്.
രണ്ട് വയസുകാരി അരിഹ ഷാ 2021 സെപ്റ്റംബർ മുതൽ ബെർലിനിലെ ഒരു കെയർ ഹോമിലാണ് കഴിയുന്നത്. കളിക്കുന്നതിനിടെ കുഞ്ഞിന്റെ സ്വകാര്യ ഭാഗത്തേറ്റ ചെറിയൊരു പരിക്കിനെ ചൊല്ലിയാണ് ജർമൻ സർക്കാർ കുഞ്ഞിനെ രക്ഷിതാക്കളിൽനിന്ന് പിരിച്ചത്. ജർമൻ അധികാരികൾ, കുട്ടിയെ മാതാപിതാക്കൾ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് മാതാപിതാക്കൾക്കെതിരേ കുറ്റം ചുമത്തുകയും കുഞ്ഞിനെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു.
പിന്നീട് കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് തെളിഞ്ഞെങ്കിലും കുഞ്ഞിനെ തിരിച്ചുകൊടുക്കാൻ സർക്കാർ തയാറായില്ല. ഡിഎൻഎ ടെസ്റ്റ് നടത്തി പിതൃത്വവും തെളിയിച്ചു. സംശയം ഉന്നയിച്ച ഡോക്ടർമാരും നിലപാട് തിരുത്തി. എന്നാലും കുട്ടിയെ മാതാപിതാക്കൾക്കു കൈമാറാനുള്ള നടപടികൾ നീട്ടിക്കൊണ്ടു പോവുകയായിരുന്നു.
അരിഹ ഇരുപത് മാസത്തിലേറയായി മാതാപിതാക്കളുമായി വേർപിരിഞ്ഞാണ് കഴിയുന്നത്. കുഞ്ഞിനെ തിരികെ കിട്ടുമെന്നായപ്പോൾ അപ്പീൽ നൽകി കേസ് നീട്ടിക്കൊണ്ടു പോകാനാണ് ജർമൻ അധികൃതർ ശ്രമിച്ചത്.
കുട്ടിയെ പരിപാലിക്കാൻ കഴിവില്ലാത്തവരാണ് രക്ഷിതാക്കളെന്നും അവർ ആരോപിച്ചു. ഐടി മേഖലയിൽ ജോലി ചെയ്തിരുന്ന അരിഹയുടെ അച്ഛൻ ഭാവേഷിന് ഇതിനിടെ ജോലി നഷ്ടമായി. മെഡിക്കൽ റിപ്പോർട്ടിൽ പോലും ലൈംഗികാതിക്രമം നടന്നിട്ടില്ലെന്നാണ് സൂചിപ്പിച്ചിരിക്കുന്നതെങ്കിലും ബെർലിൻ ചൈൽഡ് കെയർ അധികൃതർ കേസ് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്ന് അവർ ആരോപിച്ചു.
വിഷയത്തിൽ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ഇടപെട്ട് കുഞ്ഞിനെ തിരിച്ചുകിട്ടാൻ നടപടി സ്വീകരിക്കണമെന്നും അരിഹയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും ഇവർ പരാതിയും നൽകിയിരുന്നു.