വിമർശനങ്ങളുമായി പ്രതിപക്ഷ പാർട്ടികൾ
Sunday, June 4, 2023 12:42 AM IST
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഒഡീഷയിലെ ട്രെയിൻ അപകടം സർക്കാരിന്റെ വീഴ്ചയെന്നു ചൂണ്ടിക്കാട്ടി വിമർശനങ്ങളുമായി പ്രതിപക്ഷ പാർട്ടികൾ. ജാഗ്രത കാട്ടാതിരുന്നതാണ് മരണസംഖ്യ ഉയരാൻ കാരണമായതെന്നും കേന്ദ്രം റെയിൽവേയെ തകർത്തെന്നും മുൻ റെയിൽവേ മന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ് കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിയോടും റെയിൽവേ മന്ത്രിയോടും നിരവധി ചോദ്യങ്ങൾ ചോദിക്കാനുണ്ടെന്നും ഇപ്പോൾ പ്രാധാന്യം നൽകേണ്ടത് രക്ഷാപ്രവർത്തനത്തിനായതിനാൽ അതിനു മുതിരുന്നില്ലെന്നും കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഏകോപനമുണ്ടായില്ലെന്ന കുറ്റപ്പെടുത്തലാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഉന്നയിച്ചത്.
ഒഡീഷയിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ കേന്ദ്രസർക്കാരിനുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടി തൃണമൂൽ കോണ്ഗ്രസ് എംപി ഡെറിക് ഒബ്രിയാനാണ് കേന്ദ്രമന്ത്രിക്കെതിരേ പ്രതികരണവുമായെത്തിയത്. അപകടങ്ങൾ തടയാൻ ട്രെയിനുകളിൽ ആന്റികൊളിഷൻ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിൽ കേന്ദ്രം അലംഭാവം കാണിക്കുകയാണ്.
പ്രതിപക്ഷ നേതാക്കൾക്കെതിരായ ചാരപ്പണി ചെയ്യാൻ കോടിക്കണക്കിന് രൂപ സോഫ്റ്റ്വെയറിനായി ചെലവഴിക്കുന്ന കേന്ദ്രസർക്കാർ വന്ദേ ഭാരത് ട്രെയിനുകളെയും പുതുതായി നിർമിച്ച റെയിൽവേ സ്റ്റേഷനുകളെയും കുറിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അതുവഴി രാഷ്ട്രീയനേട്ടം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും തൃണമൂൽ കോണ്ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.
രാജ്യത്തെ നടുക്കിയ സംഭവത്തിൽ അതിയായ ദുഃഖമുണ്ട്. അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളെക്കുറിച്ചോർക്കുന്പോൾ ഹൃദയം നുറുങ്ങുകയാണ്. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ.
സംഭവത്തിൽ മനഃസാക്ഷിയുണ്ടങ്കിൽ റെയിൽവേ മന്ത്രി രാജിവയ്ക്കണമെന്നും ഡെറിക് ഒബ്രിയാൻ പറഞ്ഞു.