അപകടത്തിൽനിന്നു രക്ഷപ്പെട്ട നാലു തൃശൂർ സ്വദേശികൾ ഇന്നു നാട്ടിലെത്തും
സ്വന്തം ലേഖകൻ
Monday, June 5, 2023 12:31 AM IST
ഭുവനേശ്വര്‍: നാട്ടിലേക്കും വീട്ടിലേക്കും എത്താൻ ധൃതിയായി. ഇന്നു രാത്രിയോടെ നെടുമ്പാശേരിയിൽ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്. ഒഡീഷയിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽനിന്നു രക്ഷപ്പെട്ട തൃശൂർ സ്വദേശികൾ നാട്ടിലെത്താനുള്ള തിരക്കിലാണ്. അപകടം നടന്ന സ്ഥലത്തുനിന്ന് 200 കിലോമീറ്റർ അകലെയുള്ള ഭുവനേശ്വരിയിലെ വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിൽ ശനിയാഴ്ച രാത്രിയോടെ തൃശൂരിൽനിന്നുള്ള നാലംഗ സംഘത്തെ നോർക്ക റൂട്ട്സ് അധികൃതരും ഒറീസയിലെ മലയാളി സമാജം പ്രവർത്തകരും ചേർന്ന് എത്തിച്ചു.
ഇന്ന് ഭുവനേശ്വറിൽനിന്നു ബംഗളൂരുവിലേക്കും അവിടെനിന്ന് നെടുമ്പാശേരിയിലേക്കുമാണ് ഇവർക്കു വിമാനടിക്കറ്റ് ലഭിച്ചിട്ടുള്ളത്. അന്തിക്കാട് സ്വദേശി കിരൺ, കാറളം സ്വദേശി വിജീഷ്, കാരമുക്ക് സ്വദേശി രഘു, വൈശാഖ് എന്നിവരാണ് അപകടത്തിൽപ്പെട്ട സംഘത്തിലെ സുഹൃത്തുക്കൾ. കോല്‍ക്കത്തയില്‍നിന്നു കോറമാണ്ഡല്‍ എക്സ്പ്രസ് ട്രെയിനില്‍ നാട്ടിലേക്കു വരുമ്പോഴായിരുന്നു ട്രെയിന്‍ അപകടത്തില്‍ ഇവരും പെട്ടത്.
നാലു പേരുടെയും പരിക്കുകൾ സാരമുള്ളതല്ല. നാട്ടിലെത്തിയശേഷം തുടർചികിത്സ തേടും. തൃശൂരില്‍നിന്ന് എട്ടുപേരാണ് നിര്‍മാണ പ്രവര്ത്തനങ്ങള്ക്ക്വേണ്ടി കോല്‍ക്കത്തയിലേക്ക് പോയിരുന്നത്. ഇതില്‍ കരാറുകാരന് ഉള്‍പ്പെടെ നാലുപേര്‍ നേരത്തെ തിരികെയെത്തിയിരുന്നു. ബാക്കി നാലുപേർ തിരികെ വരുന്നതിനിടെയാണ് അപകടമുണ്ടായത്. ബുദ്ധക്ഷേത്രത്തിൽ ടൈലുകൾ വിരിക്കുന്ന ജോലിക്കാണ് ഇവർ പോയത്. പണികൾ ഇനിയും ബാക്കിയുണ്ടെന്നും വീണ്ടും അവിടേക്കു പോകുന്ന കാര്യം ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും ട്രെയിൻ യാത്രയെന്നു കേൾക്കുമ്പോൾതന്നെ ഇപ്പോൾ കൂട്ടുകാർക്ക് പേടിയാണെന്നും നാട്ടിൽ നേരത്തെ തിരിച്ചെത്തിയ രതീഷ് പറഞ്ഞു.
നിരവധി പേരുടെ ജീവൻ കവർന്ന വലിയൊരു അപകടത്തിൽനിന്നു അദ്ഭുതകരമായി രക്ഷപ്പെട്ട് തിരിച്ചെത്തുന്ന നാൽവർസംഘത്തെ സ്വീകരിക്കാൻ കാത്തിരിക്കുകയാണ് വീട്ടുകാരും നാട്ടുകാരും.