മരിച്ചത് 275 പേരെന്ന് ഒഡീഷ സർക്കാർ
Monday, June 5, 2023 12:31 AM IST
ഭൂവനേശ്വർ: ബാലസോർ ട്രെയിൻ ദുരന്തത്തിൽ 275 പേർക്കാണു ജീവൻ നഷ്ടമായതെന്ന് ഒഡീഷ സർക്കാർ. 288 പേർ മരിച്ചുവെന്ന ഔദ്യോഗിക കണക്ക് സർക്കാർ പുതുക്കുകയായിരുന്നു. അപകടത്തിൽ 1,175 പേർക്കു പരിക്കേറ്റെന്നും ചീഫ് സെക്രട്ടറി പി.കെ. ജേന അറിയിച്ചു. ചില മൃതദേഹങ്ങൾ രണ്ടുതവണ കണക്കിൽപ്പെടുത്തി. ഇതിനുശേഷം നടന്ന വിശദപരിശോധനകളുടെയും ജില്ലാ കളക്ടറുടെ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണു മരണസംഖ്യ 275 എന്നാക്കി സ്ഥിരീകരിച്ചതെന്ന് ചീഫ് സെക്രട്ടറി വിശദീകരിച്ചു.
സോറോ, ബാലസോർ, ഭദ്രക്, കട്ടക്ക് എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലാണു പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. 793 പേരെ ആശുപത്രികളിൽനിന്ന് വിട്ടയച്ചു. 382 പേർ ചികിത്സയിൽ തുടരുകയാണ്. 88 മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 78 മൃതദേഹങ്ങൾ ബന്ധുക്കൾക്കു കൈമാറി. 187 പേരെ ഇനിയും തിരിച്ചറിയാനുണ്ട്. മൃതദേഹങ്ങൾ കൃത്യമായി തിരിച്ചറിയുക വലിയ വെല്ലുവിളിയാണ്. ഡിഎൻഎ പരിശോധനയ്ക്കൊപ്പം മരിച്ചവരുടെ ചിത്രങ്ങൾ സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു.
രക്ഷാപ്രവർത്തനത്തിന് ദേശീയ ദുരന്തനിവാരണ സേനയുടെ ഒന്പത് സംഘങ്ങളും സംസ്ഥാനസേനയുടെ അഞ്ച് സംഘങ്ങളും പ്രവർത്തിച്ചു. 24 യൂണിറ്റ് അഗ്നിരക്ഷാ വിഭാഗത്തെയും വിന്യസിച്ചിരുന്നു. രാത്രിയിലും ശസ്ത്രക്രിയകൾ നടത്തുന്നതിന് ആശുപത്രികളിൽ സൗകര്യമൊരുക്കിയിരുന്നു. രോഗികളുടെ എണ്ണം വലിയതോതിൽ ഉയർന്നതിനാൽ നൂറിലധികം മെഡിക്കൽ സംഘങ്ങളെ ആശുപത്രികളിൽ സജ്ജമാക്കിയിരുന്നുവെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു.
മരണസംഖ്യയിൽ സംശയമുന്നയിച്ച് മമത ബാനർജി
കോൽക്കത്ത: ബാലസോർ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണത്തിൽ സംശയമുന്നയിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളുകാരായ 61 പേർ മരിച്ചുവെന്നും 182 പേരെ കാണാതായെന്നും മമത പറഞ്ഞു. 275 പേർ മരിച്ചുവെന്നും 1,175 പേർക്കു പരിക്കേറ്റുവെന്നുമാണു റെയിൽവേ അറിയിച്ചത്.