സൈനിക പിന്മാറ്റം നടത്തണമെന്ന ആവശ്യത്തിനു ബദലായി ഡെപ്സാംഗ് സമതലപ്രദേശത്ത് 15 കിലോമീറ്റർ ബഫർസോണ്‍ വേണമെന്നാണു ചൈനയുടെ ആവശ്യം. കിഴക്കൻ ലഡാക്കിനു പുറമേ അരുണാചൽപ്രദേശിലും ചൈന സൈനിക ഗ്രാമങ്ങൾ നിർമിച്ചിട്ടുണ്ട്. അരുണാചലിലെ തവാംഗ് അതിർത്തിപ്രദേശങ്ങളിൽ ഉൾപ്പെടെ അനധികൃതമായി കൈയേറിയ ഗ്രാമങ്ങൾക്ക് ചൈനീസ് പേരുകൾ നൽകിയതു വിവാദമായിരുന്നു.
ഇപ്പോൾ ചാറ്റം ഹൗസ് പുറത്തുവിട്ട റിപ്പോർട്ടിൽ ഡെപ്സാംഗ് സമതലത്തിന്റെ തെക്കുഭാഗത്തുള്ള നദീതടമായ റാകി നാലയിൽ ചൈനീസ് ഔട്ട്പോസ്റ്റുകൾ സ്ഥാപിച്ചിട്ടുള്ളതായും വ്യക്തമാണ്.
സിൻജിയാംഗ്-ടിബറ്റ് ഹൈവേ നിർമാണവും പുരോഗമിക്കുന്നു വടക്കു-പടിഞ്ഞാറൻ ചൈനയിലെ സ്വയംഭരണ പ്രദേശമായ സിൻജിയാംഗിനെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന ജി-695 ഹൈവേയുടെ നിർമാണം ചൈന 2035ൽ പൂർത്തിയാക്കും.
അക്സായ് ചിൻ, ഡെപ്സാംഗ് സമതലങ്ങൾ, ഗൽവാൻ താഴ്വാരം, പാംഗോഗ് സോ എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന ജി-695 ഹൈവേയ്ക്ക് 2412 കിലോമീറ്റർ ദൈർഘ്യമുണ്ട്. ഉയർന്ന പർവതപാതകൾ ഉൾപ്പെടെയുള്ള ദുർഘടമായ ഭൂപ്രദേശങ്ങളിലൂടെയാണ് ഹൈവേ കടന്നുപോകുന്നത്. ചൈനീസ് സൈനികവിന്യാസത്തിന് ജി-695 ഹൈവേ തന്ത്രപ്രധാനമാകുമെന്നാണ് റിപ്പോർട്ട്.
ഇതിനുപുറമേ പാംഗോഗ് തടാകത്തിനു കുറുകെ ചൈന നിർമിക്കുന്ന പാലവും സേനകളെ അതിവേഗം വിന്യസിക്കാൻ ചൈനയെ സഹായിക്കും. ഡെപ്സാംഗ് സമതലപ്രദേശങ്ങളിൽ ചൈന ബഫർസോണ്‍ വേണമെന്നാവശ്യപ്പെടുന്നത് അക്സായ് ചിന്നിലെ ഇന്ത്യൻ സൈന്യത്തിന്റെ ചരക്കുനീക്ക, ഗതാഗത താവളമായ ദൗലത്ത് ബേഗ് ഓൾഡി എയർസ്ട്രിപ്പിന്റെ പ്രവർത്തനങ്ങൾ തടയുന്നതിനാണെന്നും ചാറ്റം ഹൗസ് റിപ്പോർട്ടിൽ പറയുന്നു.