വ്യാപാര സഹകരണം ശക്തമാക്കാൻ ഇന്ത്യയും സൗദിയും
Tuesday, September 12, 2023 12:41 AM IST
ന്യൂഡൽഹി: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള വ്യാപാര സഹകരണം ശക്തമാക്കാൻ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഇന്നലെ ഹൈദരാബാദ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.
വിവിധ മേഖലകളിലായി ഇരുരാജ്യങ്ങളും തമ്മിൽ എട്ടു പ്രധാന കരാറുകളിൽ ഒപ്പുവച്ചു. നിരവധി ധാരണാപത്രങ്ങളിലും ഒപ്പുവച്ചു.
ഊർജം, ഡിജിറ്റലൈസേഷൻ ആൻഡ് ഇലക്ട്രോണിക് മാനുഫാക്ചറിംഗ്, പാരന്പര്യേതര ഊർജം, ബാങ്കിംഗ്, ഹൈഡ്രജൻ, വൈദ്യുതി, ഗ്രിഡ് ഇന്റർകണക്ഷൻ, പെട്രോളിയം, പ്രകൃതിവാതകം, തന്ത്രപ്രധാന പെട്രോളിയം കരുതൽശേഖരം, ഊർജ സുരക്ഷ തുടങ്ങിയ മേഖലകളിലാണ് സഹകരിക്കുക. ഇന്ത്യയുടെ കേന്ദ്ര വിജിലൻസ് കമ്മീഷനും സൗദി ഓവർസൈറ്റ് ആൻഡ് ആന്റി കറപ്ഷൻ വിഭാഗവും തമ്മിലുള്ള സഹകരണത്തിനും ഒപ്പുവച്ചു.
ജി 20 ഉച്ചകോടിക്ക് വിജയകരമായി ആതിഥേയത്വം വഹിച്ച ഇന്ത്യയെ സൽമാൻ രാജകുമാരൻ അഭിനന്ദിച്ചു. ഇന്ത്യയിൽ എത്താനായതിൽ അതിയായ സന്തോഷമുണ്ട്. ജി 20 രാജ്യങ്ങൾക്കും ലോകത്തിനും ഗുണകരമായ നിരവധി പ്രഖ്യാപനങ്ങൾ യോഗത്തിലുണ്ടായി. ഇരു രാജ്യങ്ങളുടെയും ശോഭനമായ ഭാവിക്കായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.