ഖലിസ്ഥാൻ തീവ്രവാദികളെ അടിച്ചമർത്താൻ എൻഐഎ
Thursday, September 21, 2023 1:26 AM IST
ന്യൂഡൽഹി: ഖലിസ്ഥാൻ തീവ്രവാദികൾക്കെതിരേ ശക്തമായ നീക്കവുമായി ദേശീയ അന്വേഷണ ഏജൻസി(എൻഐഎ). അഞ്ചു ബബ്ബർ ഖൽസ ഇന്റർനാഷണൽ(ബികെഐ) തീവ്രവാദികളെക്കുറിച്ച് വിവരം നല്കുന്നവർക്ക് പാരിതോഷികം എൻഐഎ പ്രഖ്യാപിച്ചു.
റിൻഡ എന്നറിയപ്പെടുന്ന ഹർവിന്ദർ സിംഗ് സന്ധു, ലൻഡ എന്നറിയപ്പെടുന്ന ലഖ്ബീർ സിംഗ് എന്നിവർ ഇതിൽ ഉൾപ്പെടും. ഇരുവരെയും കുറിച്ച് വിവരം നല്കുന്നവർക്ക് പത്തു ലക്ഷം രൂപ നല്കും.
പർമീന്ദർ സിംഗ് കൈര, സത്നാം സിംഗ്, യദ്വിന്ദർ സിംഗ് എന്നിവരെക്കുറിച്ച് വിവരം നല്കുന്നവർക്ക് അഞ്ചു ലക്ഷം രൂപയാണു പാരിതോഷികം.
ഇന്ത്യയിൽ തീവ്രവാദപ്രവർത്തനം നടത്തിയതിന്റെ പേരിൽ ഈ വർഷം ആദ്യം അഞ്ചു തീവ്രവാദികൾക്കെതിരേയും എൻഐഎ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കൊലപാതകം, പണാപഹരണം തുടങ്ങിയ കേസുകളിലും ഇവർ പ്രതികളാണ്. തീവ്രവാദികൾ യുവാക്കളെ ബികെഐയിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു.
മഹാരാഷ്ട്രക്കാരനായ ഹർവിന്ദർ സിംഗ് പാക്കിസ്ഥാൻ ആസ്ഥാനമാക്കിയാണു പ്രവർത്തിക്കുന്നത്. മറ്റു നാലു തീവ്രവാദികളും പഞ്ചാബുകാരാണ്.
കഴിഞ്ഞ വർഷം എൻഐഎ രജിസ്റ്റർ ചെയ്ത രണ്ടു കേസുകളിൽ 54 പേരുടെ ചിത്രങ്ങൾ സഹിതമുള്ള പട്ടിക എൻഐഎ പുറത്തുവിട്ടു.
എക്സിലാണ് ചിത്രങ്ങളും വിവരങ്ങളുമുള്ളത്. കൊടും കുറ്റവാളികളായ ഗോൾഡി ബ്രാർ, ലോറൻസ് ബിഷ്ണോയി, അൻമോൽ ബിഷ്ണോയി, അർഷ്ദീപ് സിംഗ് ഗിൽ എന്നിവർ ഉൾപ്പെടെയുള്ളവർ പട്ടികയിലുണ്ട്. ഇവരെല്ലാം കാനഡ കേന്ദീകരിച്ച് ഇന്ത്യാവിരുദ്ധ പ്രവർത്തം നടത്തുന്നവരാണ്.