‘കൂലി’യായി സുഹൃത്തുക്കൾക്കൊപ്പം രാഹുൽ ഗാന്ധി
Friday, September 22, 2023 4:22 AM IST
ന്യൂഡൽഹി: ആനന്ദ് വിഹാർ റെയിൽവേ പോർട്ടർമാരോട് സംവദിച്ച് രാഹുൽ ഗാന്ധി. ചുമട്ടുതൊഴിലാളികളുടെ വേഷമായ ചുവന്ന നിറത്തിലുള്ള ടീഷർട്ട് ധരിച്ച രാഹുൽ ബാഗുകൾ തലയിലേറ്റുകയും ചെയ്തു.
ജനങ്ങളുടെ നായകൻ രാഹുൽ ഗാന്ധി ഇന്ന് ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽവച്ച് തന്റെ പോർട്ടർ സുഹൃത്തുക്കളെ കണ്ടെന്ന് കോൺഗ്രസ് എക്സിൽ അറിയിച്ചു. ചുമട്ടുതൊഴിലാളികളുമായി സംവദിക്കുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോയും കോൺഗ്രസ് പങ്കുവച്ചു. അടുത്തിടെ റെയിൽവേ സ്റ്റേഷനിലെ ചുമട്ടുതൊഴിലാളി പോർട്ടർമാർ രാഹുലിനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച വീഡിയോ വൈറലായിരുന്നു.
‘ആനന്ദ് വിഹാറിലെ കൂലി സഹോദരങ്ങൾക്കൊപ്പം’ എന്ന അടിക്കുറിപ്പോടെ രാഹുൽ ഗാന്ധിയും ഇൻസ്റ്റഗ്രാമിൽ ചിത്രം പോസ്റ്റ് ചെയ്തു. എന്റെ മനസിൽ വളരെക്കാലമായി ഈ ആഗ്രഹമുണ്ടായിരുന്നു. അവരും എന്നെ വളരെ സ്നേഹത്തോടെ വിളിച്ചിരുന്നു- രാഹുൽ പറഞ്ഞു. രാഹുൽ അടുത്തിടെ ലഡാക്കിൽ സന്ദർശനം നടത്തി ആളുകളുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു.