ഡൽഹിയിൽ ജ്വല്ലറി കുത്തിത്തുറന്ന് 25 കോടി രൂപയുടെ ആഭരണങ്ങൾ കവർന്നു
Wednesday, September 27, 2023 5:26 AM IST
ന്യൂഡൽഹി: തലസ്ഥാനനഗരിയിലെ ജ്വല്ലറിയിൽ വൻ കവർച്ച. ദക്ഷിണ ഡൽഹിയിലെ ജാംഗ്പുരയിലെ ഭോഗാലിലുള്ള ഉംറാവു സിംഗ് ജ്വല്ലറിയിലാണു കവർച്ച നടന്നത്. സിസിടിവി കാമറകൾ തകർത്തശേഷം ജ്വല്ലറിയുടെ ഭിത്തി തുരന്ന് അകത്തു കടന്ന മോഷ്ടാക്കൾ 25 കോടി രൂപയുടെ ആഭരണങ്ങൾ കവർന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയും ജ്വല്ലറിക്ക് അവധിയായിരുന്നു. ഇന്നലെ രാവിലെ ജ്വല്ലറി തുറന്നപ്പോഴാണ് കവർച്ചാവിവരം അറിയുന്നത്.
നാലുനില കെട്ടിടത്തിന്റെ ടെറസിലൂടെയെത്തിയ കവർച്ചക്കാർ താഴത്തെ നിലയിലുള്ള ജ്വല്ലറി കെട്ടിടത്തിന്റെ ഭിത്തി തുരന്ന് അകത്തു കടക്കുകയായിരുന്നു. ഇന്നലെ രാവിലെ ജ്വല്ലറിക്കുള്ളിൽ പ്രവേശിച്ചപ്പോൾ പ്രദേശമാകെ പൊടിപടലങ്ങൾ നിറഞ്ഞിരിക്കുകയായിരുന്നുവെന്നും തുടർന്നു നടത്തിയ അന്വേഷണത്തിൽ സ്ട്രോംഗ് റൂമിന്റെ ഭിത്തി തുരന്നതായി കണ്ടുവെന്നും ഉടമ സഞ്ജീവ് ജയിൻ പറഞ്ഞു. ജ്വല്ലറിയിലെ സിസിടിവി കാമറകളും കംപ്യൂട്ടറുകളും കവർച്ചക്കാർ തകർത്തിട്ടുണ്ട്.
സമീപകാലത്ത് തലസ്ഥാനനഗരിയിൽ നടക്കുന്ന ഏറ്റവും വലിയ കവർച്ചയാണിതെന്ന് പോലീസ് പറഞ്ഞു. സീനിയർ പോലീസ് ഉദ്യോഗസ്ഥൻ രാജേഷ് ദേവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജ്വല്ലറിയിലെത്തി പരിശോധിച്ചു. വലിയ കവർച്ചയാണിതെന്നും എത്രയുംവേഗം പ്രതികളെ പിടികൂടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടുപേരാണ് കവർച്ച നടത്തിയതെന്ന് പോലീസിനു ലഭിച്ച സിസിടിവി ദൃശ്യങ്ങളിലുണ്ട്.
ഹരിയാനയിലെ ബാങ്കിലും കവർച്ച
തിങ്കളാഴ്ച ഹരിയാനയിലെ ബാങ്കിലും സമാനരീതിയിൽ കവർച്ച നടന്നു. അംബാല സിറ്റിയിലെ ബൽദേവ് നഗറിലുള്ള കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഭിത്തി തുരന്ന് അകത്തു കടന്ന കവർച്ചക്കാർ 32 ലോക്കറുകൾ കുത്തിപ്പൊളിച്ച് സ്വർണം കവർന്നു.
ഞായറാഴ്ചത്തെ അവധിക്കുശേഷം തിങ്കളാഴ്ച രാവിലെ ബാങ്ക് തുറന്നപ്പോഴാണു കവർച്ചാവിവരം അറിയുന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്തു കടന്നത്. 35 ലക്ഷം രൂപയുടെ സ്വർണാഭരണം കവർച്ച ചെയ്യപ്പെട്ടതായി ബാങ്ക് മാനേജർ ഭൂഷൺലാൽ ഗുപ്ത പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.