നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപിയുടെ താരപ്രചാരകൻ മോദി മാത്രം
Friday, September 29, 2023 3:07 AM IST
രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവം പ്രചാരണായുധമാക്കാൻ ബിജെപി.
പ്രാദേശിക നേതാക്കളുടെ രാഷ്ട്രീയതാത്പര്യങ്ങളും പടലപ്പിണക്കങ്ങളും മറച്ചു പിടിക്കാൻ ഹിന്ദി ഹൃദയഭൂമിയായ മധ്യപ്രദേശ്,രാജസ്ഥാൻ സംസ്ഥാനങ്ങളിൽ തത്കാലം മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കേണ്ടെന്നാണു പാർട്ടിയുടെ തീരുമാനം. പാർട്ടിയേക്കാൾ വലുതല്ല അണികളെന്നുള്ള പ്രത്യയശാസ്ത്രത്തിന്റെ മറവിൽ തീരുമാനത്തെ പ്രതിരോധിക്കാനാണു നീക്കം.
മധ്യപ്രദേശിൽ നാല് എംപിമാർ, മൂന്ന് കേന്ദ്രമന്ത്രിമാർ, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗീയ എന്നിവരെ സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തിയപ്പോൾ മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാൻ എവിടെ മത്സരിക്കുമെന്ന് പാർട്ടി നേതൃത്വം ഇനിയും വ്യക്തമാക്കിയിട്ടില്ല. എംപിമാരെയും കേന്ദ്രമന്ത്രിമാരെയും മത്സരിപ്പിക്കുന്നത് കൂട്ടായ നേതൃത്വം എന്ന സന്ദേശത്തെ ശക്തിപ്പെടുത്തുമെന്നാണ് ബിജെപി വക്താക്കൾ നൽകുന്ന വിശദീകരണം.
മുഖ്യമന്ത്രിസ്ഥാനാർഥിയെ പ്രഖ്യാപിക്കാതിരുന്നാൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രാദേശിക നേതാക്കളുടെ അകമഴിഞ്ഞ പിന്തുണയുണ്ടാകുമെന്നും പാർട്ടി വിലയിരുത്തുന്നു. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒരു കുടുംബത്തിൽനിന്ന് ഒന്നിൽ കൂടുതൽ വ്യക്തികൾക്ക് സ്ഥാനാർഥിത്വം നൽകേണ്ടതില്ലെന്ന തീരുമാനം നടപ്പിലാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
ഓരോ സംസ്ഥാനങ്ങളിലും അഞ്ചു വർഷം മുന്പ് നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചു പിടിക്കാൻ മുതിർന്ന നേതാക്കളെ ചുമതലപ്പെടുത്തും. രാജസ്ഥാനിൽ രണ്ടു തവണ മുഖ്യമന്ത്രിയും സിന്ധ്യ രാജകുടുംബാംഗവുമായ വസുന്ധര രാജയെ പാർട്ടി എങ്ങനെ കൈകാര്യം ചെയ്യുമെന്നതും നിർണായകമാണ്. പല കാര്യങ്ങളിലും വസുന്ധര പാർട്ടിയുമായി ഉടക്കിലാണിപ്പോൾ.
ഛത്തീസ്ഗഡിൽ കുടുംബ ഭിന്നതകൾ അനുകൂലമാക്കാൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ അനന്തരവനും ബിജെപി ലോക്സഭാംഗവുമായ വിജയ് ബാഗേലിനെ മത്സരിപ്പിക്കാനാണു ബിജെപിയുടെ തീരുമാനം.
തെലുങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും സർക്കാരിൽ വിള്ളൽ വീഴ്ത്തുക ബിജെപിക്ക് എളുപ്പമാകില്ല.
മണിപ്പുരിലെ വംശീയ അക്രമങ്ങളുടെ പ്രത്യാഘാതങ്ങളാകും ബിജെപി നേരിടുന്ന കടുത്ത വെല്ലുവിളി.