ഗുജറാത്ത് തീരത്ത് വൻ മയക്കുമരുന്നുവേട്ട; 33 ക്വിന്റൽ മയക്കുമരുന്ന് പിടികൂടി
Thursday, February 29, 2024 2:28 AM IST
ന്യൂഡൽഹി: ഗുജറാത്ത് തീരത്തുനിന്ന് 2000 കോടിയിലേറെ രൂപ വിലമതിക്കുന്ന 3,300 കിലോഗ്രാം മയക്കുമരുന്ന് പിടികൂടി. പോർബന്തറിനു സമീപം 60 നോട്ടിക്കൽ മൈൽ അകലെ സംശയാസ്പദ സാഹചര്യത്തിൽ നീങ്ങുകയായിരുന്ന ഇറേനിയൻ ബോട്ടിൽനിന്നാണു വൻ മയക്കുമരുന്നുശേഖരം പിടികൂടിയത്.
കപ്പലിലുണ്ടായിരുന്ന അഞ്ച് പാക്കിസ്ഥാൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. ഇന്ത്യയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
നിരോധിതവസ്തുക്കളായ 3,089 കിലോ ചരസ്, 158 കിലോ മെത്താംഫെറ്റാമിൻ, 25 കിലോ മോർഫിൻ എന്നിവയാണ് പിടികൂടിയതെന്ന് നാവികസേന എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ മൊത്ത വില നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ പിന്നീട് അറിയിക്കും. കേരളം, കർണാടകം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ എത്തിക്കാനായിരുന്നു വൻ മയക്കുമരുന്നു ശേഖരമെന്ന് ഗുജറാത്ത് പോലീസ് പറഞ്ഞു.
നാവികസേനയും നാർകോട്ടിക് കണ്ട്രോൾ ബ്യൂറോയും (എൻസിബി) ചേർന്നു ചൊവ്വാഴ്ചയാണ് ഗുജറാത്തിലെ പോർബന്തറിനു സമീപത്തു നിന്ന് സംശയം തോന്നിയ കപ്പൽ തടഞ്ഞത്. കപ്പലിലെ ജീവനക്കാരെല്ലാം പാക്കിസ്ഥാൻ പൗരന്മാരാണെന്നാണു നിഗമനം. ഇവരുടെ പക്കൽ തിരിച്ചറിയൽ രേഖകളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഗുജറാത്ത് പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
നാവികസേനയുടെ യുദ്ധക്കപ്പൽ ഉപയോഗിച്ചാണു സംശയാസ്പദമായ ബോട്ട് തടഞ്ഞത്. നാവികസേനയുടെ സമുദ്ര നിരീക്ഷണ വിമാനത്തിൽനിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
നാവികസേനയും നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയും ചേർന്നു കടലിൽ നടത്തിയ സംയുക്ത ദൗത്യത്തിൽ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും സഹകരിച്ചു. പിടികൂടിയ വിദേശികളെ പോർബന്തർ തുറമുഖത്ത് എത്തിച്ച് ലോക്കൽ പോലീസിനു കൈമാറി.
വൻതോതിൽ മയക്കുമരുന്ന് എത്തിക്കാനുള്ള നീക്കത്തെക്കുറിച്ച് വിശദ അന്വേഷണം ആരംഭിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ മയക്കുമരുന്നു മുക്തമാക്കാനുള്ള കേന്ദ്രസർക്കാരിന്റെ അചഞ്ചല പ്രതിബദ്ധതയാണ് ഈ ദൗത്യത്തിലൂടെ നാവികസേനയും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും നടത്തിയിരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.