പുരപ്പുറ സൗരോർജം; കിലോവാട്ടിന് സബ്സിഡി
Friday, March 1, 2024 2:29 AM IST
ന്യൂഡൽഹി: ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ച 75,021 കോടി രൂപ ചെലവു വരുന്ന പുരപ്പുറ സൗരോജ (പ്രധാൻമന്ത്രി-സൂര്യ ഘർ) പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
പദ്ധതിപ്രകാരം രണ്ടു കിലോവാട്ട് വരെയുള്ള സോളാർ പ്ലാന്റുകൾക്ക് സർക്കാർ 60 ശതമാനം സബ്സിഡി നൽകും. അതിനുശേഷം ഒരു കിലോവാട്ട് കൂടി വർധിപ്പിക്കണമെങ്കിൽ 40 ശതമാനം സബ്സിഡി നൽകുമെന്നും മന്ത്രിസഭായോഗ തീരുമാനങ്ങൾ വിശദീകരിച്ച് കേന്ദ്രമന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ അറിയിച്ചു.
ഇതനുസരിച്ച് ഓരോ കുടുംബത്തിനും ഒരു കിലോവാട്ട് പവർപ്ലാന്റ് സ്ഥാപിക്കുന്നതിന് 30,000 രൂപയും രണ്ടു കിലോവാട്ടിന് 60,000 രൂപയും മൂന്നു കിലോവാട്ടിന് 78,000 രൂപയും വരെയാണ് സബ്സിഡി നൽകുക. പദ്ധതിക്ക് അപേക്ഷിക്കുന്നതിനായി ഓണ്‍ലൈൻ പോർട്ടൽ സജ്ജമാക്കും.
കൂടാതെ, പ്ലാന്റ് സ്ഥാപിക്കുന്നതിന് ഏഴു ശതമാനം പലിശയിൽ ലോണ്‍ ലഭ്യമാക്കും. പദ്ധതിയുടെ ഭാഗമായി എല്ലാ ജില്ലയിലും ഒരു മാതൃകാ സൗരോർജ ഗ്രാമം വികസിപ്പിക്കും. പുരപ്പുറ സൗരോർജം പ്രോത്സാഹിപ്പിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്ക് പദ്ധതിയുടെ ആനുകൂല്യം നൽകും.
സൗരോർജ നിർമാണം, ലോജിസ്റ്റിക്സ്, വിതരണ ശൃംഖല, വില്പന, സ്ഥാപിക്കൽ എന്നിവയടക്കം മേഖലയിൽ 17 ലക്ഷത്തോളം നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.