സാങ്കേതികവിദ്യകളിൽ നിരീക്ഷണം ശക്തമാക്കണം; സാമൂഹിക സംഘടനകൾ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു
Thursday, April 11, 2024 3:05 AM IST
ന്യൂഡൽഹി: തെരഞ്ഞെടുപ്പു നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തിലുള്ള സാങ്കേതികവിദ്യകളുടെ ഉപയോഗം തടയണമെന്നും ആവശ്യപ്പെട്ട് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ഉൾപ്പെടെയുള്ള 11 സാമൂഹിക സംഘടനകൾ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചു.
സമൂഹമാധ്യമങ്ങളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളും പ്രചരിപ്പിക്കുന്ന വാർത്തകൾ വോട്ടർമാരോട് നീതിപൂർവമായ സമീപനമാണു സ്വീകരിക്കുന്നതെന്ന് കമ്മീഷൻ ഉറപ്പുവരുത്തണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.
ഓണ്‍ലൈൻ കാന്പയിനുകളുടെയും സറോഗേറ്റ് പരസ്യങ്ങളുടെയും സഹായത്തോടെ വോട്ടർമാരെ സ്വാധീനിക്കുന്നതിനുള്ള ശ്രമങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ കർശനമായ പരിശോധനയ്ക്കു വിധേയമാക്കണമെന്നും ആവശ്യമുണ്ട്. രാഷ്ട്രീയ പാർട്ടികൾക്കായി നേരിട്ടല്ലാതെ പരസ്യം നൽകുന്ന രീതിയാണ് സറോഗേറ്റ് പരസ്യം എന്നതിലൂടെ അർഥമാക്കുന്നത്.
ഡീപ്ഫേക്കും നിർമിതിബുദ്ധി (എഐ)യും അടിസ്ഥാനമാക്കിയുള്ള സാങ്കേതികവിദ്യകളുടെ സഹായത്തോടെ വോട്ടർമാരെ സ്വാധീനിക്കുന്നതിനുള്ള ശ്രമങ്ങൾ തടയണം, രാഷ്ട്രീയ പാർട്ടികൾ, സ്ഥാനാർഥികൾ, എന്നിവർ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നടത്തുന്ന മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങൾ പരിശോധിക്കുന്നതിന് സ്വതന്ത്ര സംഘടനകൾക്ക് ചുമതല നൽകണം, വോട്ടർമാരുടെ തിരിച്ചറിയൽ പരിശോധനകൾ നടത്തുന്നതിന് പോളിംഗ് ബൂത്തുകളിൽ ഫേഷ്യൽ റക്കഗ്നിഷൻ സംവിധാനങ്ങളും വീഡിയോ നിരീക്ഷണ സാങ്കേതികവിദ്യകളും ഏർപ്പെടുത്തണം എന്നിവയാണ് സാമൂഹിക സംഘടനകൾ തെരഞ്ഞെടുപ്പു കമ്മീഷന് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
തെരഞ്ഞെടുപ്പിൽ സാങ്കേതികവിദ്യകളുപയോഗിച്ച് ചൈനയുടെ ഇടപെടൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് സാങ്കേതികവിദ്യകളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യമുന്നയിച്ച് സാമൂഹിക സംഘടനകൾ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചത്.
ആർട്ടിക്കിൾ 21 ട്രസ്റ്റ്, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്, കാന്പയിൻ എഗയിൻസ്റ്റ് ഹേറ്റ് സ്പീച്ച്, കോമണ്‍ കോസ്, ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ, ലിബ്ടെക് ഇന്ത്യ, മാധ്യം, മസ്ദുർ കിസാൻ ശക്തി സംഘടന, നാഷണൽ അലയൻസ് ഓഫ് പീപ്പിൾസ് മൂവ്മെന്റ്, രാജസ്ഥാൻ അസംഘടിത തൊഴിലാളി യൂണിയൻ, സോഫ്റ്റ്വേർ ഫ്രീഡം ലോ സെന്റർ എന്നീ സംഘടനകളാണു കത്തയച്ചത്.