ബാബാ രാംദേവിന് സുപ്രീംകോടതിയിൽ തിരിച്ചടി; മാപ്പപേക്ഷ കടലാസിൽ മാത്രം; അംഗീകരിക്കില്ല
Thursday, April 11, 2024 3:05 AM IST
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതു സംബന്ധിച്ച വിവാദത്തിൽ പതഞ്ജലി സഹസ്ഥാപകൻ ബാബാ രാംദേവും മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയും സമർപ്പിച്ച മാപ്പപേക്ഷ സുപ്രീംകോടതി വീണ്ടും തള്ളി.
വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ മറുപടിയിൽ അതൃപ്തി പ്രകടിപ്പിച്ച കോടതി, കേസിൽ ഉദാരത കാണിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു. പതഞ്ജലിയുടെ മാപ്പപേക്ഷ കടലാസിൽ മാത്രമാണെന്നും ഇത് അംഗീകരിക്കാൻ തയാറല്ലെന്നും ജസ്റ്റീസുമാരായ ഹിമ കോഹ്ലി, എ. അമാനുള്ള എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. ക്ഷമാപണം ആദ്യം മാധ്യമങ്ങൾക്ക് അയച്ചുകൊടുത്ത ബാബാ രാംദേവിന്റെ നടപടിയെ കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു.
പതഞ്ജലിക്കെതിരേ നടപടി സ്വീകരിക്കാതിരുന്ന ഉത്തരാഖണ്ഡ് സംസ്ഥാന ലൈസൻസിംഗ് അധികൃതരെ കോടതി കടുത്ത ഭാഷയിൽ വിമർശിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് പതഞ്ജലിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്രസർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അറിയിച്ചു.
ആയുഷ് മന്ത്രാലയം പരിശോധിച്ച് ഉറപ്പുവരുത്തുന്നതിനു മുന്പേയാണ് കോവിഡ് പ്രതിരോധ മരുന്ന് എന്ന പേരിൽ കോവിഡ് കാലത്ത് പതഞ്ജലി ഉത്പന്നങ്ങൾ പ്രചരിപ്പിച്ചതെന്ന് കേന്ദ്രം കോടതിയിൽ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ നിലപാടറിയിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കേന്ദ്രത്തിന്റെ മറുപടിയിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചു.
തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള പരസ്യപ്രചാരണം നടത്തിയതിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് പതഞ്ജലിക്കെതിരേ കോടതിയെ സമീപിച്ചത്.
വിശദീകരണം ആവശ്യപ്പെട്ടു കോടതി അയച്ച നോട്ടീസിനു മറുപടി നൽകാതിരുന്നതോടെ ബാബാ രാംദേവിനും ആചാര്യ ബാലകൃഷ്ണയ്ക്കുമെതിരേ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കുകയായിരുന്നു. കോടതിയിൽ രണ്ടുതവണ മാപ്പപേക്ഷ നടത്തിയെങ്കിലും സ്വീകരിക്കാതിരുന്ന കോടതി പതഞ്ജലിക്കെതിരേ രൂക്ഷ വിമർശനവും നടത്തിയിരുന്നു.