എഎപിക്ക് തിരിച്ചടി! ഡൽഹി മന്ത്രി രാജ്കുമാർ ആനന്ദ് രാജിവച്ചു
Thursday, April 11, 2024 3:05 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ആം ആംദ്മി പാർട്ടിയെ പ്രതിസന്ധിയിലാക്കി ഡൽഹി സാമൂഹ്യക്ഷേമ മന്ത്രി രാജ്കുമാർ ആനന്ദ് മന്ത്രിസഭയിൽനിന്നും എഎപിയിൽനിന്നും രാജിവച്ചു. ഡൽഹി മദ്യനയക്കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ജയിലിൽ തുടരുന്നതിനിടെയുള്ള മന്ത്രിയുടെ രാജി എഎപിക്ക് കനത്ത തിരിച്ചടിയായി.
അഴിമതിക്കെതിരായ പോരാട്ടത്തിനായി തുടങ്ങിയ ആം ആദ്മി പാർട്ടി ഇപ്പോൾ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണെന്ന് രാജിക്കുശേഷം രാജ്കുമാർ ആരോപിച്ചു. ആം ആദ്മി പാർട്ടി ദളിത് വിരുദ്ധമാണെന്നും ദളിത് മന്ത്രിമാരെയും എംഎൽഎമാരെയും കൗണ്സിലർമാരെയും പാർട്ടി ബഹുമാനിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എഎപിയിൽ തുടരുക ബുദ്ധിമുട്ടാണ്. അഴിമതിയുമായി തന്റെ പേര് ചേർക്കാൻ ആഗ്രഹിക്കുന്നില്ല. ഡൽഹി സർക്കാരിൽ മന്ത്രിയെന്ന നിലയിൽ ഏഴു വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.
രാജിക്കു തെരഞ്ഞെടുത്ത സമയത്തിൽ തെറ്റില്ല. തെറ്റായ കുറ്റാരോപണമാണു തങ്ങൾക്കെതിരേയെന്നാണ് ചൊവ്വാഴ്ച വരെ കരുതിയത്. എന്നാൽ, ഹൈക്കോടതി വിധിയോടെ തങ്ങളുടെ ഭാഗത്ത് ചില തെറ്റുകളുണ്ടെന്നു തോന്നുന്നു- രാജ്കുമാർ പറഞ്ഞു. മന്ത്രിസഭയിൽനിന്നും എഎപിയിൽനിന്നും രാജിവച്ചെങ്കിലും എംഎൽഎസ്ഥാനം രാജ്കുമാർ രാജിവച്ചിട്ടില്ല.
തത്കാലം വേറൊരു പാർട്ടിയിലേക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കേജരിവാൾ ജയിലിൽ കഴിയുന്ന സാഹചര്യത്തിൽ എഎപിയുടെ ഭാവികാര്യങ്ങൾ ചർച്ച ചെയ്യാൻ നേതാക്കൾ ഇന്നലെ മുഖ്യമന്ത്രിയുടെ വസതിയിൽ യോഗം ചേർന്നിരുന്നു. ഈ യോഗം പുരോഗമിക്കുന്നതിനിടെയാണ് മന്ത്രിയുടെ അപ്രതീക്ഷിത രാജി.
പട്ടേൽ നഗറിൽനിന്നുള്ള എംഎൽഎയാണ് ആനന്ദ്. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ അറസ്റ്റിനുശേഷം സാമൂഹ്യക്ഷേമത്തിനു പുറമെ വിദ്യാഭ്യാസം, ഭൂമി, കെട്ടിടം, വിജിലൻസ്, സേവനങ്ങൾ, ടൂറിസം, കല-സംസ്കാരം, ഭാഷ, തൊഴിൽ, ആരോഗ്യം, വ്യവസായം എന്നീ വകുപ്പുകളുടെ അധിക ചുമതലയും രാജ്കുമാറിന് നൽകിയിരുന്നു.
രാജ്കുമാറിനെതിരേ ഏഴു കോടിയുടെ കസ്റ്റംസ് വെട്ടിപ്പിന് ഇഡി കേസ്
ന്യൂഡൽഹി: കസ്റ്റംസ് നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് ഏഴു കോടിയിലധികം രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2023 നവംബറിൽ രാജ്കുമാർ ആനന്ദിന്റെ വീട്ടിൽ ഇഡി മണിക്കൂറുകൾ നീണ്ട റെയ്ഡ് നടത്തിയിരുന്നു.
ഇറക്കുമതിയിൽ തെറ്റായ വെളിപ്പെടുത്തൽ നടത്തിയാണ് വൻ തുകയുടെ കസ്റ്റംസ് വെട്ടിപ്പു നടത്തിയതെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് കോടതിയിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് ആനന്ദിനെതിരേ ഇഡി കേസെടുത്തിരുന്നു. ഈ കേസിൽ തുടർനടപടി വൈകുന്നതിനിടെയാണ് രാജ്കുമാറിന്റെ രാജി.
പിന്നിൽ ബിജെപി: എഎപി
ന്യൂഡൽഹി: രാജ്കുമാർ ആനന്ദിന്റെ രാജിക്കു പിന്നിൽ ബിജെപിയാണെന്ന് എഎപി നേതാവ് സഞ്ജയ് സിംഗ്. കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുന്നതടക്കം പ്രതിപക്ഷ പാർട്ടികളെ തകർക്കുന്നതിനുള്ള ബിജെപിയുടെ ശ്രമം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
എഎപി മന്ത്രിമാരെയും എംഎൽഎമാരെയും തകർക്കാൻ ഇഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെ ബിജെപി ഉപയോഗിക്കുന്നു. എഎപി മന്ത്രിമാർക്കും എംഎൽഎമാർക്കും ഇതൊരു പരീക്ഷണമാണെന്നും സഞ്ജയ് സിംഗ് പറഞ്ഞു.
ഭീഷണികൾക്കും റെയ്ഡുകൾക്കും അറസ്റ്റുകൾക്കും പുറമെ പ്രതിപക്ഷ നേതാക്കളെ വിലയ്ക്കു വാങ്ങാൻ ബിജെപി ശ്രമിക്കുകയുമാണ്. രാജ്കുമാർ ആനന്ദ് അഴിമതിക്കാരനാണെന്നാണ് ഇത്രനാളും ബിജെപി പറഞ്ഞിരുന്നത്.
ജെ.പി. നഡ്ഡ, അനുരാഗ് ഠാക്കൂർ, പിയുഷ് ഗോയൽ തുടങ്ങി എല്ലാവരും ഇദ്ദേഹത്തെ അഴിമതിക്കാരനെന്നു വിളിച്ചു. കഴിഞ്ഞ വർഷം 23 മണിക്കൂറാണ് രാജ്കുമാറിന്റെ വീട്ടിൽ റെയ്ഡ് നടന്നത്. എന്നാൽ, ഇനി അയാൾ ബിജെപിയിൽ ചേരുമോയെന്നു കാത്തിരിക്കാമെന്നും സഞ്ജയ് സിംഗ് പരിഹസിച്ചു. അഴിമതിക്കാരുടെയും ഒറ്റുകാരുടെയും താവളമായി ബിജെപി മാറിയെന്നും അദ്ദേഹം ആരോപിച്ചു.