ഹരിയാനയിൽ സ്കൂൾ ബസ് മറിഞ്ഞ് എട്ട് കുട്ടികൾ മരിച്ചു
Friday, April 12, 2024 2:08 AM IST
ന്യൂഡൽഹി: ഹരിയാനയിലെ മഹേന്ദ്രഗഡിൽ സ്കൂൾ ബസ് മറിഞ്ഞ് എട്ടു കുട്ടികൾ മരിച്ചു. ഇരുപതോളം പേർക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ ഒന്പതിന് കാനിന ഗ്രാമത്തിലായിരുന്നു സംഭവം. മഹേന്ദ്രഗഡിലെ ജിഎൽ പബ്ലിക് സ്കൂളിൽ പഠിക്കുന്ന നാലാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികളാണു ബസിലുണ്ടായിരുന്നത്.
ബസ് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയും തുടർന്ന് മറിയുകയും ചെയ്തുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽനിന്നു വ്യക്തമാകുന്നതെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ പറഞ്ഞു.
ഡ്രൈവർ മദ്യപിച്ചിരുന്നതായി സംശയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിക്കേറ്റ 12 കുട്ടികളെ പ്രാഥമികാരോഗ്യകേന്ദ്രത്തിലും ഗുരുതര പരിക്കേറ്റ രണ്ടുപേരെ റോഹ്ത്തക്കിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.
ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് 2018ൽ അവസാനിച്ചതാണെന്നും സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.